സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ 18-ാമത് സീസണ്‍ ഞായറാഴ്ചയാണ് ആരംഭിച്ചത്. ഷോ തുടങ്ങിയപ്പോള്‍ തന്നെ പുതിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. 19-ാമത്തെ മത്സരാര്‍ഥിയാണ് വിവിദത്തിന് വഴിവെച്ചിരിക്കുന്നത്. ഗദ്രാജ് എന്ന് പേരിട്ടൊരു കഴുതയാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയിരിക്കുന്നത്. കാഴ്ചക്കാരില്‍ ഒരു വിഭാഗം ചാനലിന്റെ ഈ നീക്കത്തെ വളരെ കൗതുകത്തോടെയാണ് കണ്ടതെങ്കില്‍ മറ്റൊരു വിഭാഗം വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.
സംഭവം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ പെറ്റയുടെ അഭിഭാഷകനായ ശൗര്യ അഗര്‍വാള്‍, ബിഗ് ബോസ് അവതാരകനായ സല്‍മാന്‍ ഖാനോട് കഴുതയെ ഷോയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. അവതാരകനും സിനിമതാരവും എന്ന നിങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഈ കഴുതയെ പെറ്റയെ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ കഴുതകളെ പാര്‍പ്പിക്കുന്ന ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് ആവശ്യം.
സ്വഭാവികമായും പെട്ടെന്ന് പേടിക്കുന്ന സ്വഭാവമുള്ള മൃഗമാണ് കഴുത. അതുകൊണ്ടുതന്നെ ഇത്തരമൊരു ഫ്ളോറില്‍ ഉപയോഗിക്കുന്ന വിവിധ കരത്തിലുള്ള ലൈറ്റുകളും ശബ്ദങ്ങളുമെല്ലാം അവയെ കൂടുതല്‍ പരിഭ്രാന്തരാക്കും. കഴുതയെ മാത്രമല്ല, ഏത് മൃഗത്തേയും ഇത്തരം ലൈറ്റുകളും മറ്റും ഭയപ്പെടുത്തും. ഷോയുടെ സെറ്റ് ഒരിക്കലും മൃഗങ്ങളെ പാര്‍പ്പിക്കാന്‍ ചേര്‍ന്നതല്ലെന്നാണ് പെറ്റയുടെ നിലപാട്.
ഇങ്ങനെ മൃഗങ്ങളെ ഉപയോഗിക്കുന്നത് തമാശയായി കാണാന്‍ സാധിക്കില്ലെന്നാണ് പെറ്റയുടെ കത്തില്‍ പറയുന്നത്. ഇത്തരം പ്രവണതയ്ക്കെതിരേ സല്‍മാന്‍ ഖാന്‍ നിലപാട് സ്വീകരിക്കണമെന്നുമാണ് അവര്‍ പറയുന്നത്. മത്സരാര്‍ഥികളില്‍ ഒരാളായ അഡ്വക്കേറ്റ് സദ്വാര്‍ദെയാണ് കഴുതയെ ബിഗ് ബോസ് ഹൗസിലേക്ക് കൊണ്ടുവന്നതെന്നാണ് കത്തില്‍ പറയുന്നത്.
Discussion about this post