മുംബൈ : ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ടാറ്റയുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
86 വയസ്സുകാരനായ രത്തൻ ടാറ്റ ഈ ആഴ്ച ആദ്യം താൻ ആശുപത്രിയിൽ ആണെന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും തന്റെ പ്രായവും ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട പതിവ് മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായാണ് ആശുപത്രിയിൽ ഉള്ളതെന്നും ആയിരുന്നു രത്തൻ ടാറ്റ അറിയിച്ചിരുന്നത്.
1991 മുതൽ ടാറ്റ സൺസിന്റെ ചെയർമാനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് രത്തൻ ടാറ്റ. 2012 വരെയായിരുന്നു അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ നയിച്ചിരുന്നത്. രത്തൻ ടാറ്റയുടെ ഭരണകാലത്താണ് ടാറ്റ ഗ്രൂപ്പ് ആഗോളതലത്തിൽ വലിയ വികസനം നേടിയത്. ജഗ്വാർ, ലാൻഡ് റോവർ, ടെറ്റ്ലി, കൊറസ് തുടങ്ങിയ പ്രമുഖ കമ്പനികളെ സ്വന്തമാക്കുകയും ടാറ്റ ഗ്രൂപ്പിന്റെ വളർച്ച ആഭ്യന്തര തലത്തിൽ നിന്നും ആഗോളതലത്തിലേക്ക് വർദ്ധിപ്പിക്കുകയും ചെയ്തതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് രത്തൻ ടാറ്റ.
Discussion about this post