അമരാവതി : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലും ഹരിയാന ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിൽ പോലും വോട്ട് ശതമാനത്തിൽ വലിയ വർദ്ധനവാണ് ബിജെപിക്ക് ഉണ്ടായതെന്നും ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു.
രണ്ടു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ചന്ദ്രബാബു നായിഡു അഭിനന്ദിച്ചു. “ഹരിയാനയിലെ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിനും ജമ്മു കശ്മീരിലെ മികച്ച പ്രകടനത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ അഭിനന്ദിക്കുന്നു. വിശ്വാസ്യതയുള്ള ഒരു നേതാവ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴെല്ലാം ജനങ്ങൾ ആ നേതാവിനെ പിന്തുണയ്ക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു.
വികസനം, ക്ഷേമം, സദ്ഭരണം എന്നിവ സമന്വയിപിച്ചുള്ള ഭരണമാണ് നരേന്ദ്രമോദി സർക്കാർ കാഴ്ചവയ്ക്കുന്നത് . അത് നല്ല ഫലം നൽകുകയും ചെയ്യുന്നു. ആ നിരീക്ഷണത്തിൽ ഹരിയാനയിലെ അതേ വിജയം മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ആവർത്തിക്കാൻ ബിജെപിക്ക് കഴിയും. അതുപോലെതന്നെ ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നതിനാൽ “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്നതിനെ പിന്തുണയ്‌ക്കേണ്ടതുണ്ട് എന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
Discussion about this post