കൊച്ചി: കൊച്ചിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച്, കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഇന്ന് പൊലീസിന് മുമ്പിൽ ഹാജരാകും. രാവിലെ പത്ത് മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ലഹരി പാർട്ടി കേസിൽ കൊച്ചിയിലെ ഹോട്ടൽ മുറിയുടെ ഫോറൻസിക്ക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഹോട്ടലിൽ ഗുണ്ടാ നേതാവായ ഓം പ്രാകാശുണ്ടായിരുന്ന മുറിയിൽ പ്രയാഗയും ശ്രീനാഥും എത്തിയിട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവരെ കൂടാതെ ഇരുപത് പേർ വേറെയുമുണ്ടായിരുന്നു. മുറിയിൽ ലഹരിപ്പാർട്ടി നടന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം.
മുറിയിൽ ഒരു മണിക്കൂറിലധികം നീണ്ട പരിശോധയിൽ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം. ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ കൊക്കെയ്ൻ സൂക്ഷിക്കുന്ന സിപ്പ് ലോക്ക് കവറുകളും മുന്തിയ മദ്യത്തിന്റെ കുപ്പികളും ലഭിച്ചതിനെ തുടർന്നാണ് ഓംപ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
അതെ സമയം കേസിൽ പ്രയാഗ മാര്ട്ടിന് ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കി നടിയുടെ പിതാവ് രംഗത്ത് വന്നു. കലാകാരിയായതുകൊണ്ടാണ് ഇതിനൊക്കെ വാർത്താപ്രാധാന്യം ഉണ്ടാകുന്നതെന്ന് പറഞ്ഞ പിതാവ് മാർട്ടിൻ, നടി റൂമിൽ വന്നത് സുഹൃത്തുക്കളെ കാണാൻ മാത്രമാണെന്നും വ്യക്തമാക്കി.
Discussion about this post