ഇന്ത്യൻ വ്യവസായരംഗത്തെ സൗമ്യമുഖം വിടവാങ്ങിയിരിക്കുകയാണ്. രാഷ്ട്രനിർമ്മാണത്തിന് ഒപ്പം നിന്ന മനുഷ്യസ്‌നേഹിയായ രത്തൻ ടാറ്റയെന്ന വ്യവസായ പ്രമുഖന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് രാജ്യം. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള ഒട്ടുമിക്ക എല്ലാ മേഖലകളിലും ടാറ്റയെന്ന ബ്രാൻഡിനെ വളർത്തിയ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം തുറന്ന പുസ്തകം പോലെ എല്ലാവർക്കും പരിചിതമാണ്. എന്നാൽ അധികമാരും അറിയാതെ പോയെ അദ്ദേഹം അത്ര ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരേടുണ്ട് ജീവിതത്തിൽ.
ഇന്നും അവിവാഹിതനായി തുടരുന്നതിന്റെ കാരണം. നവൽ എച്ച് ടാറ്റയുടെയും സുനിയുടെയും മകനായി 1937 ഡിസംബർ 28 നാണ് ടാറ്റയുടെ ജനനം. പത്താം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞതോടെ രത്തന്റെ എല്ലാം മുത്തശ്ശിയായി. നവജ്ബായി എന്ന അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ചായി ജീവിതം. ഇന്ത്യയിലെ അതിസമ്പന്ന കുടുംബത്തിൽ ജനിച്ചിട്ട് പോലും യുഎസിൽ ആർക്കിടെക്ടായി ജോലിചെയ്ത് വരികയായിരുന്നു. ആ സമയത്താണ് ഒരു യുവതിയുമായി പ്രണയത്തിലാവുന്നത്. ശരിക്കും പറഞ്ഞാൽ അസ്ഥിയ്ക്ക് പിടിച്ച പ്രേമം. ഒന്നിച്ചുഅവർ സ്വപ്‌നം കണ്ടു. എന്നാൽ വിധി മറ്റൊന്നായിരുന്നു. തന്റെ എല്ലാമെല്ലാമായ മുത്തശ്ശിയുടെ അനാരോഗ്യം കാരണം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. യുവതിയെ പിന്നാലെ രാജ്യത്തേക്ക് കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
എന്നാൽ ആ ആഗ്രഹത്തിന് തടസ്സമായി 1962 ലെ ഇന്ത്യ-ചൈന യുദ്ധമായിരുന്നു വിവാഹം മുടക്കിയത്. യുദ്ധത്തിനിടെ ഇന്ത്യയിലേക്ക് പോകാൻ യുവതിയുടെ മാതാപിതാക്കൾ അനുവദിച്ചില്ല. യുദ്ധം പെട്ടെന്ന് ഒന്നും അവസാനിക്കില്ലെന്ന് കരുതിയതോടെ ഇന്ത്യയിലേക്കില്ലെന്ന് യുവതി കട്ടായം പറഞ്ഞു. അന്ന് രത്തൻ ടാറ്റയ്ക്ക് യുഎസിൽ സ്ഥിരതാമസമാക്കാനുള്ള സാഹചര്യമില്ലായിരുന്നു. അതോടെ ആ പ്രണയബന്ധം അവിടെ തകർന്നു.
അവൾ അവിടെ തന്നെ ഒരാളെ വിവാഹം ചെയ്തു. ഞാൻ പിന്നെ വിവാഹം കഴിച്ചതുമില്ലെന്ന് രത്തൻ ടാറ്റ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കമ്പനിയുടെ തലപ്പത്ത് ഇരിക്കുമ്പോഴും ഭാര്യയില്ല,പിന്തുടർച്ചയ്ക്ക് മക്കളില്ല. ആ ഒറ്റപ്പെടൽ പലപ്പോഴും ഞാൻ അനുഭവിച്ചിട്ടുണ്ടെന്നെന്ന് പിന്നീട് ഒരിക്കൽ രത്തൻടാറ്റ പറഞ്ഞു.
പിന്നീട് പലപ്രണയങ്ങളും ജീവിതത്തിൽ ഉണ്ടായെങ്കിലും ഒന്നും വിവാഹത്തിൽ കലാശിച്ചില്ല. തന്റെ ജീവിതത്തിൽ നാല് പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്നും രത്തൻ ടാറ്റ പറഞ്ഞിരുന്നു.ഞാൻ നാല് തവണ വിവാഹിതനാകാൻ തീരുമാനമെടുത്തു. ഓരോ തവണയും, അത് ആ ഘട്ടത്തിനടുത്തെത്തുമ്പോൾ ഒരു കാരണത്താലോ മറ്റൊരു കാരണത്താലോ ഞാൻ ഭയന്ന് പിന്മാറി. പക്ഷേ, തിരിഞ്ഞുനോക്കുമ്പോൾ, തന്റെ ഉൾപ്പെട്ട ആളുകളെ നോക്കുമ്പോൾ, ഞാൻ ചെയ്തത് മോശമായ കാര്യമല്ലായിരിക്കാമെന്നാണ് രത്തൻ ടാറ്റ ഇതിനെ കുറിച്ച് സംസാരിച്ചത്.
Discussion about this post