ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കരുത്തുപകരാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ വരുന്നു. രണ്ട് ആണവ അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനും യു.എസില്‍നിന്ന് 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുമുള്‍പ്പെടെയുള്ള പ്രധാന കരാറുകള്‍ക്ക് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കിയിരിക്കുകയാണ് . 80,000 കോടി രൂപയുടേതാകും കരാര്‍.
നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ആധുനിക സംവിധാനങ്ങളുള്ള ഡ്രോണുകള്‍ വാങ്ങുന്നത്. ആണവ അന്തര്‍വാഹനികള്‍
വിശാഖപട്ടണത്തെ ഷിപ്പ് ബില്‍ഡിങ് സെന്ററില്‍ വെച്ചാണ് നിര്‍മ്മിക്കുക. ഈ രണ്ട് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ഏകദേശം 45,000 കോടി രൂപയാകും. അമേരിക്കന്‍ ജനറല്‍ അറ്റോമിക്‌സില്‍നിന്നാണ് 31 ഡ്രോണ്‍ വാങ്ങുക. ഇതിനായി ഇന്ത്യയും യു.എസും കരാര്‍ ഒപ്പുവെക്കും. ഒപ്പുവെച്ച് നാലുവര്‍ഷത്തിനുശേഷം ഡ്രോണുകളുടെ വിതരണം ആരംഭിക്കും.
31 എണ്ണത്തില്‍ നാവികസേനയ്ക്ക് 15 എണ്ണം ലഭിക്കും. കരസേനയ്ക്കും ഇന്ത്യന്‍ വ്യോമസേനയ്ക്കും എട്ടുവീതവും. ഉത്തര്‍പ്രദേശില്‍ കര, വ്യോമ സേനകള്‍ ചേര്‍ന്ന് ഡ്രോണുകള്‍ക്കായി ബേസ് സ്റ്റേഷനും ഒരുക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ജനറല്‍ അറ്റോമിക്‌സ് നിര്‍മിച്ച അമേരിക്കന്‍ ആളില്ലാവിമാനമാണ് പ്രിഡേറ്റര്‍ ഡ്രോണ്‍.
Discussion about this post