തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് റിപ്പോർട്ട്. ആറു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി.
അതെ സമയം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത അനുസരിച്ച് അധികൃതരുടെ നിർദേശാനുസരണം മാറി താമസികാണാമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം അറിയിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ചവരെയും കർണാടക തീരത്ത് ശനിയാഴ്ചവരെയും മത്സ്യബന്ധനം പാടില്ല. ഈ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയോ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാലാണത്.
Discussion about this post