കൊച്ചി: ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്റെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ്. തനിക്ക് ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. എന്നാല്‍ പ്രഥമദൃഷ്ട്യാ തന്നെ ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് വിവരം. ശ്രീനാഥ് ഭാസിയുടെയും ബിനു ജോസഫിന്റെയും സാമ്പത്തിക ഇടപാടുകളിലും പൊലീസിന് സംശയമുണ്ട്.
ഇരുവരുടെയും മൊഴി വിശദമായി പരിശോധിക്കും. രാസപരിശോധനയ്ക്ക് സാമ്പിള്‍ ശേഖരിക്കാന്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. നടന്‍ ശ്രീനാഥ് ഭാസിയെ അഞ്ചുമണിക്കൂറും നടി പ്രയാഗ മാര്‍ട്ടിനെ രണ്ടു മണിക്കൂറിലേറെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. സുഹൃത്ത് വഴിയാണ് ഹോട്ടലില്‍ എത്തിയതെന്നും ഓം പ്രകാശിനെ പരിചയമില്ലെന്നുമാണ് ഇരുവരും നല്‍കിയ മറുപടി. കൊച്ചി എളമക്കര സ്വദേശി ബിനു ജോസഫ് ആണ് താരങ്ങളെ ഹോട്ടലില്‍ എത്തിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍.
ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന് കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ രാഹലഹരിയുടെ അംശം കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങി ഇരുപതോളം പേര്‍ ഓം പ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും കണ്ടെത്തി. ഇതിന് പിന്നാലെയാണ് താരങ്ങളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
ഉച്ചയോടെ ചോദ്യം ചെയ്യലിന് ഹാജരായ ശ്രീനാഥ് ഭാസി പക്ഷേ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഓം പ്രകാശിനെ അറിയില്ലെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മൊഴി. പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്ന് പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചു. വാര്‍ത്ത വന്നതിന് ശേഷമാണ് താന്‍ ഓം പ്രകാശിനെ അറിയുന്നത്. ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെ ക്രിമിനലുകളുണ്ടോയെന്ന് ചോദിച്ചിട്ട് പോകാന്‍ പറ്റില്ലല്ലോ, തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ അറിയുന്നുണ്ട്. അതേസമയം സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് നീക്കം.
Discussion about this post