മലപ്പുറം: മുന്‍കൂര്‍ പണം നല്‍കിയിട്ടും താന്‍ ഓര്‍ഡര്‍ ചെയ്ത ടിവി പറഞ്ഞ സമയത്ത് ലഭിച്ചില്ലെന്നും ടിവി കിട്ടിയപ്പോള്‍ അത് പൊട്ടിതകര്‍ന്ന നിലയിലായിരുന്നെന്നുമുള്ള പരാതിയില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഇടപെടല്‍. ഒടുവില്‍ 15000 രൂപയും കോടതി ചെലവായി 2000 രൂപയും നഷ്ടപരിഹാരം നല്‍കാനാണ് മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്.
പൂളമണ്ണയിലെ ടി വി പ്രകാശ് നല്‍കിയ പരാതിയിലാണ് കോടതി വിധി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഉത്തര്‍പ്രദേശിലെ ഖാസിയാബാദിലെ ഫോക്സ് സ്‌കൈ ഇലക്ട്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ 7,700 രൂപ മുന്‍കൂറായി അടച്ച് 32 ഇഞ്ച് ഫുള്‍ എച്ച് ഡി സ്മാര്‍ട്ട് ടിവി പരാതിക്കാരന്‍ ബുക്ക് ചെയ്തിരുന്നു.
ഒക്ടോബര്‍ 14 ന് ടിവി എത്തുമെന്നാണ് കമ്പനി പരാതിക്കാരനെ അറിയിച്ചത്. വിവരമൊന്നും ലഭിക്കാത്തതിനാല്‍ പ്രകാശന്‍ കമ്പനിക്ക് മെയില്‍ അയച്ചു. തന്റെ സമീപത്തുള്ള എക്സ് പ്രസ്സ് ബീസ് എന്ന കൊറിയര്‍ കമ്പനിയില്‍ ടിവി എത്തിയെന്ന സന്ദേശം പ്രകാശന് ലഭിച്ചെങ്കിലും ടിവി കിട്ടിയില്ല. 25 വരെ കാത്ത് നിന്ന പ്രകാശന്‍ ടിവിക്കായി മുന്‍കൂര്‍ നല്‍കിയ 7700 രൂപ മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. നാല് ദിവസത്തിന് ശേഷം പൊട്ടിയ നിലയിലാണ് ടിവി ലഭിച്ചത്.
പൊട്ടിയ ടിവിയാണ് കിട്ടിയതെന്ന് സ്ഥാപനത്തെ അറിയിച്ചപ്പോള്‍ ടെക്നീഷ്യന്‍ വീട്ടിലെത്തി ആവശ്യമായത് ചെയ്യുമെന്ന് അറിയിച്ചെങ്കിലും ഒന്നുമുണ്ടായില്ല. നവംബര്‍ 17ന് വീണ്ടും പ്രകാശന്‍ കമ്പനിക്ക് കത്ത് നല്‍കി. പക്ഷേ മറുപടിയൊന്നും കിട്ടിയില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.
പതഞ്ജലി യോഗ ട്രെയിനറായ തനിക്ക് ടിവി അവശ്യവസ്തുവാണെന്നും വ്യക്തിപരമായും കുടുംബ പരമായും ദൃശ്യമാധ്യമത്തില്‍ നിന്നുള്ള ആസ്വാദനം ഏഴ് മാസം കമ്പനി നഷ്ടപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. കോടതി ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നല്‍കാത്ത പക്ഷം ഈ തുകയുടെ 12 ശതമാനം പ്രതിവര്‍ഷം പലിശയായി നല്‍കണമെന്നും വിധിയില്‍ പറയുന്നു.
Discussion about this post