ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഗോൾഡ് ലോണും നൽകാൻ ഗൂഗിൾ പേ. മുത്തൂറ്റ് ഫിനാൻസുമായി ചേർന്നാണ് ഗൂഗിൾ പേ ഗോൾഡ് ലോൺ നൽകുന്നത്. കുറഞ്ഞ പലിശ നിരക്കിൽ 50 ലക്ഷം രൂപവരെ വായ്പയായി ലഭിക്കും. വൈകാതെ തന്നെ ഗൂഗിൾ പേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടും.
ചെറുകിട സംരംഭകരെ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ സേവനം ഗൂഗിൾ പേ ആരംഭിച്ചിരിക്കുന്നത്. ബാങ്കുകളിൽ സ്വർണം പണയം വച്ച് പണം ലഭിക്കണമെങ്കിൽ നിരവധി നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ഈ നടപടിക്രമങ്ങൾ ഒന്നും ഇല്ലാതെ തന്നെ എളുപ്പത്തിൽ ആളുകൾക്ക് വായ്പ ലഭ്യമാക്കുകയാണ് ഗൂഗിൾ പേയുടെ ലക്ഷ്യം. ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവർക്ക് ഈ സേവനം വളരെ പ്രയോജനകരമാകും.
ആപ്പ് വഴിയാണ് ഗോൾഡ് ലോണായി എടുത്ത വായ്പ തിരിച്ചടയ്‌ക്കേണ്ടത്. അതേസമയം സ്വർണം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അധികം വൈകാതെ മുഴുവൻ വിവരങ്ങളും പുറത്തുവിടും. ഭാവിയിൽ ആദിത്യ ബിർല ഉൾപ്പെടെയുള്ള വൻകിട ധനകാര്യ സ്ഥാപനങ്ങളുമായി ഗൂഗിൾ പേ കരാറിൽ ഏർപ്പെടും എന്നാണ് സൂചന.
നേരത്തെ ഉപഭോക്താക്കൾക്ക് 1 ലക്ഷം രൂപവരെ ലോൺ നൽകുന്ന സേവനം ഗൂഗിൾ പേ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോൾഡ് ലോണും ആരംഭിച്ചിരിക്കുന്നത്.
Discussion about this post