ചെന്നൈ : 141 യാത്രക്കാരുമായി ഷാർജയിലേക്ക് പോയ വിമാനം യാത്രക്കാരെയും പൊതുജനങ്ങളെയും മുൾമുനയിൽ നിർത്തിയത് രണ്ടര മണിക്കൂർ. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ലാൻഡ് ചെയ്യാൻ പറ്റാതെ രണ്ടര മണിക്കൂറാണ് വിമാനം അന്തരീക്ഷത്തിൽ ചിലവഴിക്കേണ്ടി വന്നത്. ഇതേ തുടർന്ന് വിമാനം അപകടകരമായി ലാൻഡ് ചെയ്തേക്കുമെന്ന് ആശങ്ക വ്യാപകമായി ഉടലെടുത്തിരുന്നു. അപകടം മുന്നിൽ കണ്ട് ആംബുലൻസുകൾ, അഗ്നിശമന യൂണിറ്റുകൾ, മെഡിക്കൽ ടീം, രക്ഷാപ്രവർത്തകർ എന്നിവരെ സജ്ജമാക്കിയെങ്കിലും ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കുകയായിരിന്നു.
ഇന്നലെ വൈകിട്ട് 5.40ന് ട്രിച്ചിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ച ശേഷം രണ്ടര മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കളഞ്ഞു. രാത്രി 8.14നാണ് തിരിച്ചിറക്കിയത്.
ഒരു വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അടിയന്തിരമായി ലാൻഡ് ചെയ്യേണ്ടതുണ്ടെങ്കിൽ, സുരക്ഷിതമായ “ലാൻഡിംഗ് ഭാരം” കൈവരിക്കുന്നതിന് വേണ്ടിയാണു പൈലറ്റ് ഇന്ധനം കത്തിച്ചു തീർക്കുന്നത് .പ്രേത്യേകിച്ചും ഫ്ലൈറ്റിൻ്റെ തുടക്കത്തിൽ തന്നെയാണ് വിമാനത്തിന് ഒരു പ്രശ്നം നേരിടുകയും ആവശ്യത്തിന് ഇന്ധനം കത്തിക്കാൻ അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്നതെങ്കിൽ ഇത് വളരെ പ്രധാനമാണ്.
Discussion about this post