കോട്ടയം: ശബരിമല സീസണിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന എരുമേലിയിൽ ഭക്തരുടെ സുരക്ഷിതത്വത്തിന് ഒരു പരിഗണനയും നൽകാതെ സംസ്ഥാന സർക്കാർ. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ എന്തെങ്കിലും അപകടമുണ്ടാവുകയാണെങ്കിൽ ഓടിയെത്താൻ അടുത്തൊന്നും ഒരു ഫയർ സ്റ്റേഷൻ പോലുമില്ല എന്നാണ് യാഥാർഥ്യം.
മുൻ സീസണുകളിലും മറ്റും അപകടങ്ങൾ സംഭവിച്ചപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി കിലോമീറ്ററുകൾ അകലെയുള്ള റാന്നി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സാണ് എത്തിച്ചേർന്നിരുന്നത്. അതെ സമയം ഒരു അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കിൽ തിരക്കിനിടയിലൂടെ സംഭവസ്ഥലത്ത് എത്തുകയെന്നത് പ്രയാസമാണ്. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്നതിന്റെ ഭാഗമായി അപകട സാധ്യത കണക്കിലെടുത്ത് ഫയർ സ്റ്റേഷൻ ഉടനടി നിർമ്മിക്കണമെന്ന് വിവിധ കോണുകളിൽ നിന്നും മുറവിളി ഉയരുന്നുണ്ടെങ്കിലും സർക്കാർ കേട്ട ഭാവം നടിക്കുന്നില്ല.
തീർത്ഥാടകരെ കൂടാതെ നൂറുകണക്കിന് താത്ക്കാലിക കടകൾ പ്രവർത്തിക്കുന്നതുമായ എരുമേലിയിലും പമ്പാപാതകളിലും ഫയർഫോഴ്സ് സേവനം ആവശ്യമാണ്. കഴിഞ്ഞവർഷം തീർത്ഥാടനകാല ആരംഭത്തിൽ എരുമേലിയിലെ ഷെഡിന് തീപിടിച്ചിരുന്നു.
തീർത്ഥാടനത്തിന് ഇനി ഒരുമാസം ശേഷിക്കെ ഫയർഫോഴ്സിന് താത്കാലിക ഷെഡ് പോലുമില്ല. ഇതിനു വേണ്ടിയുള്ള സ്ഥലം വരെ ഇതുവരെ കണ്ടെത്തിയിട്ടുമില്ല . വർഷങ്ങളായി ഷെഡ് നിർമ്മിക്കുന്ന ദേവസ്വം ബോർഡ് സ്ഥലത്ത് മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. എരുമേലിക്കായി അനുവദിക്കപ്പെട്ടെന്ന് ജനപ്രതിനിധികൾ പറയുന്ന ഫയർസ്റ്റേഷന്റെ പ്രവർത്തനങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും അനിശ്ചിതമായി നീളുകയാണ്. ജനങ്ങളുടെ ജീവൻ വച്ചാണ് അധികൃതർ പന്താടുന്നത് എന്ന വിമർശനം വിവിധ കോണുകളിൽ നിന്നും രൂക്ഷമാവുമായാണ്
Discussion about this post