ന്യൂഡൽഹി:ബഹിരാകാശത്ത് നിന്നും കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ മേഖലയിലെ നിരീക്ഷണം ശക്തമാക്കാൻ തയ്യാറെടുത്ത് ഭാരതം.നിർണായക ഘട്ടങ്ങളിലും അല്ലാതെയും കര-നാവിക മേഖലകളെക്കുറിച്ചുള്ള ധാരണ ലഭിക്കുവാൻ ബഹിരാകാശ അധിഷ്ഠിത നിരീക്ഷണ (എസ്‌ബിഎസ്) ദൗത്യത്തിൻ്റെ മൂന്നാം ഘട്ടത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) അംഗീകാരം നൽകിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല 52 സാറ്റലൈറ്റുകൾ ആണ് ഈ ആവശ്യത്തിന് വേണ്ടി ഇന്ത്യ വിക്ഷേപിക്കാൻ ഒരുങ്ങുന്നത്. ഇതോടു കൂടി ഇന്ത്യ അറിയാതെ പ്രദേശത്ത് ഒരു ഈച്ച പോലും അനങ്ങില്ല എന്ന അവസ്ഥയിലേക്ക് രാജ്യം ഉടനടി എത്തിച്ചേരും.
പ്രതിരോധ മന്ത്രാലയത്തിലെ സംയോജിത ആസ്ഥാനത്തിന് കീഴിലുള്ള ഡിഫൻസ് സ്പേസ് ഏജൻസിയുമായി ചേർന്ന് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്.
സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നൽകിയ ഈ ഉദ്യമത്തിൽ കുറഞ്ഞത് 52 ഉപഗ്രഹങ്ങളെങ്കിലും ലോ എർത്ത് ഓർബിറ്റിലും ജിയോസ്റ്റേഷണറി ഓർബിറ്റിലും നിരീക്ഷണത്തിനായി വിക്ഷേപിക്കാൻ ആണ് തീരുമാനം. 26,968 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയിൽ 21 ഉപഗ്രഹങ്ങൾ ഐഎസ്ആർഒയും ബാക്കി 31 സ്വകാര്യ കമ്പനികളും നിർമ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്യും
2001-ൽ വാജ്‌പേയി സർക്കാരാണ് എസ്ബിഎസ് 1 ആരംഭിച്ചത്. 2013ൽ ആറ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് എസ്ബിഎസിന്റെ രണ്ടാം ഘട്ടം വന്നു. എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന മൂന്നാം ഘട്ടത്തിൽ അടുത്ത ദശാബ്ദത്തിനുള്ളിൽ ഇന്ത്യ 52 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. ഇതിൽ കര, കടൽ. വായു അധിഷ്ഠിത ദൗത്യങ്ങൾക്കായി പ്രത്യേക ഉപഗ്രഹങ്ങൾ ഉണ്ടായിരിക്കും.
Discussion about this post