ഇറാന് മേല്‍ ഉപരോധമേര്‍ത്തി അമേരിക്ക. എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്പനികള്‍ക്കും കപ്പലുകള്‍ക്കുമാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.എസിന്റെ ഈ നടപടി. ഇറാനില്‍ നിന്നുള്ള എണ്ണ, ഇറാന്റെ പെട്രോകെമിക്കല്‍ വ്യവസായമേഖല തുടങ്ങിയവയ്ക്ക് മേലാണ് യു.എസ്. പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ സാമ്പത്തികസഹായം കുറയ്ക്കുക എന്ന ലക്ഷ്യമാണ് യു.എസിന് പ്രധാനമായും ഉള്ളത്.
ഇതിനിടെ, ഇസ്രയേലിന് സഹായമേകിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അറബ് രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ഇറാന്‍ രംഗത്തെത്തി. ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രായേലിനെ സഹായിക്കാന്‍ അവരുടെ പ്രദേശങ്ങളോ വ്യോമാതിര്‍ത്തിയോ അനുവദിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ് സഖ്യകക്ഷികളായ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രായേലിന് നേര്‍ക്ക് ഇറാന്‍ നടത്തിയ മിസൈലാക്രമണങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പുണ്ടായതിനു പിന്നാലെയാണ് ഇറാന്‍ താക്കീതുമായെത്തിയത്. ഇറാന്റെ ആണവ, ഇന്ധന അടിസ്ഥാനസൗകര്യങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്കാണ് ഇസ്രയേല്‍ നിലവില്‍ മുന്‍തൂക്കം നല്‍കുന്നത്.
നേരത്തെ ജോര്‍ദാന്‍ പോലുള്ള രാഷ്ട്രങ്ങള്‍ ഇറാനെതിരേയുള്ള ആക്രമണങ്ങളില്‍ ഇസ്രയേലും യു.എസുമായി സഹകരിച്ചിരുന്നു. എങ്കിലും ഇസ്രയേലിന് പൂര്‍ണസഹകരണം നല്‍കുന്നത് അപകടമായേക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ അറബ് രാജ്യങ്ങള്‍.
Discussion about this post