മഴയ്ക്ക് വേണ്ടി കേഴുന്ന സഹാറ മരുഭൂമിയിൽ പെരുമഴ വെള്ളപ്പൊക്കം തീർത്തതായി റിപ്പോർട്ട്. കഴിഞ്ഞ 50 വർഷത്തിനിടെ പെയ്ത ഏറ്റവും കനത്ത മഴയാണ് സഹാറയിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. പല സ്ഥലങ്ങളും തടാകസമാനമായി മാറി.
മരുഭൂമിയുടെ ചിലഭാഗങ്ങളിലാണ് മഴപെയ്തത്. ഒരുവർഷത്തെ ശരാശരി കണക്കുകളെ പോലും കാറ്റിൽപറത്തിയാണ് കനത്ത മഴ. മൊറോക്കോയുടെ തലസ്ഥാനമായ റബാറ്റിൽ നിന്ന് 450 കിലോമീറ്റർമാറിയുള്ള ടാഗോനൈറ്റ് എന്ന മരുഭൂമി ഗ്രാമത്തിൽ മാത്രം 24 മണിക്കൂറിൽ 100 എംഎം മഴ വരെ പെയ്തിട്ടുണ്ട്. ഇതോടെ മരുഭൂമിയിലെ പല ചെറുതടാകങ്ങളും മറ്റും വീണ്ടും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അരനൂറ്റാണ്ടിന് മുകളിലായി വരണ്ടുണങ്ങി കിടന്നിരുന്ന ഇറിക്വി എന്ന തടാകം ഇത്തവണത്തെ മഴയിൽ വെള്ളം നിറഞ്ഞതായി നാസ പകർത്തിയ ഉപഗ്രഹ ചിത്രങ്ങൾ തെളിയിക്കുന്നു
എക്സ്ട്രാ ട്രോപ്പിക്കൽ കൊടുങ്കാറ്റ് എന്നാണ് മരുഭൂമിയിലുണ്ടായ ഈ പ്രതിഭാസത്തെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഇത് മേഖലയിലെ കാലാവസ്ഥയെ തന്നെ തകിടംമറിക്കാൻ ശേഷിയുള്ളതാണ്. വായു കൂടുതൽ ഈർപ്പമുള്ളതായി അനുഭവപ്പെടുമെന്നും അത് ഉയർന്ന ബാഷ്പീകരണത്തിനും കൊടുങ്കാറ്റിനും കാരണമാകുമെന്നുമാണ് റിപ്പോർട്ടുകൾ.
Discussion about this post