ഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഭിന്നത. ഇതേതുടര്‍ന്ന് തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു. ബംഗാള്‍ നേതാക്കളും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സഖ്യത്തിന് അനുകൂലമായി നിലകൊണ്ടപ്പോള്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള തുടങ്ങിയവരും കേരള ഘടകവും ആവശ്യം തള്ളി.
രണ്ട് അഭിപ്രായം ഉയര്‍ന്നുവെന്നും കേന്ദ്രകമ്മിറ്റി ഉചിത തീരുമാനമെടുക്കുമെന്നും പി.ബി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി ഇതോടെ നിര്‍ണായകമായി. ബംഗാളില്‍ പാര്‍ട്ടിയെ നിലനിര്‍ത്താനുള്ള അടവുനയം എന്ന വിശദീകരണത്തോടെ മുന്നോട്ടുവെക്കുന്ന കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ 91 അംഗ കേന്ദ്രകമ്മിറ്റി എന്തു തീരുമാനിക്കുമെന്നതില്‍ വ്യക്തതയില്ല.
ചൊവ്വാഴ്ച വൈകുന്നേരം നാലിന് തുടങ്ങിയ പോളിറ്റ് ബ്യൂറോ യോഗം രാത്രി 10 വരെ നീണ്ടു. കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് കടുത്ത ഭിന്നതയുണ്ടായതായാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ നിന്നുള്ള ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര തുടങ്ങിയ പി.ബി അംഗങ്ങള്‍ ബംഗാള്‍ സംസ്ഥാന സമിതി വലിയ ഭൂരിപക്ഷത്തോടെ തീരുമാനിച്ച കോണ്‍ഗ്രസ് സഖ്യത്തിന് അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു. പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി തുടങ്ങി കേരളത്തില്‍നിന്നുള്ളവര്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ മാറ്റം വേണ്ടെന്നും വാദിച്ചു.
Discussion about this post