തിരുവനന്തപുരം : ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്ത് നൽകി പി എസ് സി. പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ വർദ്ധനവ് വരുത്തണമെന്ന ആവശ്യമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. നിലവിൽ എല്ലാ അലവൻസുകളും കൂടി ചേർത്ത് 2.26 ലക്ഷം രൂപയാണ് പി എസ് സി ചെയർമാന്റെ ശമ്പളം. എന്നാൽ 2016 മുതൽ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടിട്ടും സർക്കാർ നടപ്പിലാക്കിയിട്ടില്ല എന്നാണ് പി എസ് സി വ്യക്തമാക്കുന്നത്.
2016 മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പള വർദ്ധനവ് നടപ്പിലാക്കണമെന്നാണ് നിലവിൽ പി എസ് സി ആവശ്യപ്പെടുന്നത്. ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഇതേ രീതിയിൽ മുൻകാലപ്രാബല്യത്തോടെ പരിഷ്കരിച്ചിരുന്നു. ഇതോടെയാണ് ഈ രീതി പി എസ് സി യിലും നടപ്പിലാക്കണമെന്ന് ആവശ്യമായിരുന്നിട്ടുള്ളത്. ചെയർമാൻ ഉൾപ്പെടെ 19 അംഗങ്ങൾക്കും ശമ്പളപരിഷ്കരണം വേണമെന്നാണ് പി എസ് സിയുടെ ആവശ്യം.
നിലവിൽ പി എസ് സി ചെയർമാന്റെ ശമ്പളം 2.26 ലക്ഷം രൂപയും അംഗങ്ങളുടെ ശമ്പളം 2.23 ലക്ഷം രൂപയുമാണ്. പി എസ് സി ആവശ്യപ്പെടുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കിയാൽ ചെയർമാനും അംഗങ്ങൾക്കും കേന്ദ്ര ഡിഎ ഉൾപ്പെടെ മൂന്നര ലക്ഷത്തിലധികം രൂപയായിരിക്കും ശമ്പളം ആയി ലഭിക്കുക. കുടിശിക നൽകുന്നതിനായി 35 കോടിയോളം രൂപയായിരിക്കും സംസ്ഥാന സർക്കാരിന് ഇതിനായി ചെലവ് വരിക. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്ന് ആവർത്തിക്കുമ്പോഴും പി എസ് സി യുടെ ആവശ്യം പരിഗണിക്കാം എന്നാണ് ധനവകുപ്പ് അറിയിച്ചിട്ടുള്ളത്.
Discussion about this post