ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിലും രാജ്യത്തെ ഏറ്റവും വലിയ മരുഭൂമിയായ താറിലും കനത്ത മഴ പെയ്തത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുകയാണ് വിദഗ്ധർ. കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായാണ് സഹാറ മരുഭൂമിയിൽ ഇത്രയേറെ മഴ ലഭിക്കുന്നത്. വടക്കൻ ആഫ്രിക്കൻ മരുഭൂമിയിലെ തെക്ക് കിഴക്കൻ മൊറോക്കോ മേഖലയിൽ രണ്ട് ദിവസം തുടർച്ചയായി കനത്ത മഴയാണ് പെയ്തത്.
ഇതേതുടർന്ന് വലിയ വെള്ളപ്പൊക്കമായി മാറുകയായിരുന്നു. ടാറ്റയ്ക്ക് ചുറ്റുമുള്ള പ്രദേശവും മൊറോക്കയുടെ തലസ്ഥാന നഗരമായ റാബത്തിൽ നിന്നും ഏകദേശം 450 കിലോമീറ്റർ അകലെയുള്ള ടാഗൗെൈണറ്റ് ഗ്രാമത്തിലുമാണ് കനത്ത മഴ പെയ്തത്. 100 മില്ലിമീറ്റർ മഴയാണ് ടാഗൗണൈറ്റിൽ ലഭിച്ചത്. ഒരു വർഷം കൊണ്ട് പെയ്യുന്ന മഴയാണ് ഈ രണ്ട് ദിവസങ്ങളിൽ മാത്രം പെയ്തത്. വേനൽകാലത്തിന്റെ അവസാന കാലത്താണ് ഈ മഴയത്രയും ലഭിച്ചതെന്നതും വിദഗ്ദർ നോക്കിക്കാണുന്ന മറ്റൊരു പ്രത്യേകതയാണ്.
1925 മുതൽ വറ്റിക്കിടന്നിരുന്ന ഇറിക്വി തടാകത്തിൽ വെള്ളം നിറയുകയും പ്രദേശമാകെ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. അപൂർവമായ പ്രതിഭാസമാണ് സഹാറയിൽ ഉണ്ടായതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദീർഘകാലത്തെ വരൾച്ചക്ക് ശേഷം കർഷകർക്ക് ഈ മഴ ആശ്വാസമാണെങ്കിലും കാലം തെറ്റിയുള്ള മഴ ഭാവിയിൽ എന്താണ് നടക്കാൻ പോവുന്നത് എന്നതിനെ കുറിച്ച് ആശങ്ക നിറക്കുന്നതാണെന്നും വിദഗ്ദർ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ താർ മരുഭൂമിയിൽ പെയ്ത മഴയും മറ്റൊരു ആശങ്കക്ക് കാരണമായിട്ടുണ്ട്. പടിഞ്ഞാറൻ രാജസ്ഥാനിൽ തുടർച്ചയായി ആറ് വർഷമായി സാധാരണ ലഭിക്കുന്നതിനേക്കാൾ വളളരെ കൂടഒതൽ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2005 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ സാധാരണ ലഭിക്കുന്ന മഴയേക്കാൾ 19 ശതമാനം അധിക മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post