തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയാണ്. ഇപ്പോഴിതാ അപകടവാർത്തയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ. ബൈജുവിനെ കുറിച്ചുള്ള അപകടവാർത്തയിൽ തന്റെ പേര് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെടുകയാണ് ഐശ്വര്യ.
അപകട സമയത്ത് ബൈജുവിനോടൊപ്പം മകൾ ഐശ്വര്യയും ഉണ്ടായിരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, അച്ഛനോടൊപ്പം താനല്ല ഇണ്ടായിരുന്നതെന്ന് ഇൻസ്റ്റരഗാമിൽ ഐശ്വര്യ പങ്കുവച്ച കുറിപ്പിൽ പറയുന്നു. അച്ഛന്റെ കസിന്റെ മകളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരായിരുന്നുവെന്നും ഐശ്വര്യ കുറിപ്പിൽ പറയുന്നു.
‘എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുന്ന വ്യക്തി ഞാനല്ല. അത് അച്ഛന്റെ കസിന്റെ മകളാണ്. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇതൊരു സ്‌റ്റോറിയായി പോസ്റ്റ് ചെയ്യുന്നത്’- ഐശ്വര്യ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ച് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടൻ ബൈജു അറസ്റ്റിലായത്. നടൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലും പിന്നാലെ വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. സംഭവത്തിൽ മ്യൂസിയം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻജാമ്യത്തിൽ വിട്ടു. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പോലീസ് പറയുന്നു. മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. സ്‌കൂട്ടർ യാത്രികൻ പരാതി നൽകിയിട്ടില്ല. പരിക്കേറ്റയാൾ ഇപ്പോൾ പരാതി നൽകാത്തതിനാൽ പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്.
Discussion about this post