ന്യൂഡൽഹി: സായുധ സേനയുടെ നിരീക്ഷണ ശേഷിക്ക് ഒരു വലിയ ഉത്തേജനം നൽകി കൊണ്ട് , അമേരിക്കയിൽ നിന്നും 31 പ്രിഡേറ്റർ ഡ്രോണുകൾ സ്വന്തമാക്കുന്നതിനുള്ള കരാറിലൊപ്പിടാൻ ഭാരതം. ഇവയുടെ അറ്റകുറ്റപ്പണികൾ, ഓവർഹോൾ സൗകര്യങ്ങൾ എന്നിവ ഇന്ത്യയിൽ സ്ഥാപിക്കും എന്ന പ്രേത്യേകത കൂടി കരാറിനുണ്ട്.
സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) കഴിഞ്ഞയാഴ്ചയാണ് 31 പ്രിഡേറ്റർ ഡ്രോണുകൾ ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകിയത്. അതിൽ 15 എണ്ണം ഇന്ത്യൻ നേവിക്ക് നൽകും, ബാക്കിയുള്ളവ വ്യോമസേനയ്ക്കും കരസേനയ്ക്കും തുല്യമായി വിഭജിക്കും.
31 പ്രിഡേറ്റർ ഡ്രോണുകൾക്കും എംആർഒയ്ക്കും വേണ്ടി യുഎസ് സർക്കാരുമായുള്ള ഫോറിൻ മിലിട്ടറി വിൽപ്പന കരാർ നാളെ (ചൊവ്വാഴ്ച) ഒപ്പുവെക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി
ഈ കരാറുകളിൽ ഒപ്പിടുന്നതിനായി അമേരിക്കൻ സൈനിക, കോർപ്പറേറ്റ് ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട് . ജോയിൻ്റ് സെക്രട്ടറിയും നാവിക സംവിധാനങ്ങളുടെ അക്വിസിഷൻ മാനേജരും ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുക്കും.
യുഎസുമായുള്ള കരാറിനെക്കുറിച്ച് ഇന്ത്യ വർഷങ്ങളായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും, ഏതാനും ആഴ്‌ചകൾക്ക് മുമ്പ് മാത്രമാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ അന്തിമ തടസ്സങ്ങൾ നീങ്ങിയത്.
Discussion about this post