കണ്ണൂർ; കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സിൽ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വച്ചാണ് ക്ഷണിക്കാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതിയാരോപണം ഉന്നയിച്ചത്.
ഏറെനാളായി ആഗ്രഹിച്ച് നാട്ടിലേക്ക് ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റത്തിന്റെ സന്തോഷത്തിലായിരുന്നു നവീൻ ബാബു. വിരമിക്കാൻ ഏഴ്മാസം മാത്രമാണ് ബാക്കി. സർവ്വീസിന്റെ അവസാന നാളുകൾ കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിച്ചായിരുന്നു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചത്.
ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങുന്ന നവീൻ ബാബുവിനെ കാത്ത് ബന്ധുക്കൾ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. സമയമായിട്ടും അദ്ദേഹം വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരമറിഞ്ഞത്. ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കൾ കണ്ണൂരിൽ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പള്ളിക്കുന്നിൽ നവീൻ താമസിക്കുന്ന സർക്കാർ ക്വാർട്ടേഴ്‌സിലെത്തിയ ജില്ലാ കലക്ടറുടെ ഗൺമാനാണ് അദ്ദേഹത്തെ തൂങ്ങി മരിച്ചനിലയിൽ ആദ്യം കണ്ടത്.
നവീന്റെ ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാരാണ്. രണ്ടു പെൺമക്കളും വിദ്യാർഥികളാണ്. സിപിഎം അനുഭാവമുള്ള കുടുംബമാണ് നവീനിന്റെത്.
Discussion about this post