താൻ ഒരു എഡിഎച്ച്ഡി രോഗിയാണെന്ന് തുറന്നുപറഞ്ഞ് ബോളിവുഡിലെ ഹിറ്റ് താരം ആലിയ ഭട്ട്. ഒരു സൈക്കോളജിക്കൽ ടെസ്റ്റ് നടത്തിയപ്പോഴാണ് താനിക്കാര്യം മനസിലാക്കിയത്. കുട്ടിക്കാലം മുതൽക്ക് തന്നെ താൻ ചിലസമയത്ത് സോൺഔട്ട് ആവാറുണ്ടെന്നും ആലിയ തുറന്നുപറഞ്ഞു. ലല്ലൻ ടോപ്പിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
കുട്ടിക്കാലം മുതൽക്ക് തന്നെ സംസാരിക്കുമ്പോഴും ക്ലാസിൽ ഇരിക്കുമ്പോഴും ചിലപ്പോൾ സോൺ ഔട്ട് ആയിപ്പോവാറുണ്ട്. ഈയടുത്ത് ഒരു സൈക്കോളജിക്കൽ ടെസ്റ്റ് നടത്തിയിരുന്നു. അപ്പോഴാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് തനിക്ക് മനസിലായത്. ഇക്കാര്യം തന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അതൊരു പുതിയ അറിവല്ലെന്ന രീതിയിലാണ് അവർ പെരുമാറിയത്. എന്നാൽ, ടെസ്റ്റ് കഴിയുന്നതു വരെ ഇങ്ങനെതൊരു രോഗാവസ്ഥ ഉണ്ടെന്ന് തനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.
ഈയൊരു രോഗാവസ്ഥ കാരണമാണ് ക്യാമറക്ക് മുമ്പിൽ താനിത്രയും ശാന്തയായി മാറുന്നത്. കാരണം, ക്യാമറക്ക് മുമ്പിൽ വരുമ്പോഴാണ് തനിക്ക് ഏറ്റവും കൂടുതൽ സമാധാനം കിട്ടുന്നത്. കഥാപാത്രമായി പൂർണമായും മാറാനും സാധിക്കാറുണ്ട്. അതുപോലെ തന്നെ തന്നെയാണ് മകൾ രാഹയ്‌ക്കൊപ്പമുള്ള സമയവും. രാഹ വന്നതിന് ശേഷം, അവൾക്കൊപ്പമുള്ള സമയമാണ് ഏറ്റവും കൂടുതൽ തനിക്ക് സന്തോഷം നൽകുന്നത്. അവളോടൊപ്പം ഇരിക്കുമ്പോഴാണ് താൻ ഏറ്റവും കൂടുതൽ സന്തോഷത്തോടെയിരിക്കുന്നതെന്നും ആലിയ പറഞ്ഞു.
അഭിനേത്രി, അമ്മ എന്നീ ഘടകങ്ങളാണ് തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സുഖവും സമാധാനവും കൊണ്ടുവന്നത്. തന്റെ ജീവിതത്തിലെ സംതൃപ്തിക്കും സന്തോഷത്തിനും സമാധാനത്തിനും ഈ രണ്ട് ഘടകങ്ങളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനോട് താൻ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
നേരത്തെ മലയാള സിനിമാ താരങ്ങളായ ഫഹദ് ഫാസിലും ഷൈൻ ടോം ചാക്കോയും തനിക്ക് എഡിഎച്ച്ഡി രോഗമാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. തന്റെ 41-ാം വയസിലാണ് ഈ രോഗം കണ്ടെത്തിയതെന്നാണ് ഫഹദ് പറഞ്ഞത്. കുട്ടിക്കാലത്ത് ഈ രോഗം കണ്ടെത്തിയിരുന്നെങ്കിൽ ചികിത്സിച്ച് മാറ്റാൻ കഴിയുമായിരുന്നു. എന്നാൽ, ഇനി അതിന് സാധ്യതയില്ലെന്നുമായിരുന്നു ഫഹദ് പറഞ്ഞത്.
Discussion about this post