ഇസ്ലാമാബാദ് : ഷാങ്ഹായി സഹകരണ യോഗത്തിൽ (എസ്സിഒ) പങ്കെടുക്കാനായി ഇസ്ലാമാബാദിൽ എത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താനിലെത്തുന്നത്.
ബുധനാഴ്ചത്തെ പ്രധാന ഉച്ചകോടിക്ക് മുൻപ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തുന്ന വിരുന്നിൽ ജയശങ്കർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാത്രിയാണ് വിരുന്ന്. ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഉടൻ തന്നെ എസ് ജയശങ്കർ ഇന്ത്യയിലേക്ക് തിരിക്കും. 24 മണിക്കൂറിലധികം അവിടെ ചെലവഴിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്താനും ചൈനയുമായും ഇന്ത്യക്ക് പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഷാങ്ങ്ഹായ് സഹകരണയോഗത്തെ അത് ബാധിക്കരുത് എന്ന നിലപാടുള്ളത് കൊണ്ടാണ് ഇന്ത്യ പാകിസ്താനിലേക്ക് പോകാൻ ഇപ്പോൾ തയ്യാറായിരിക്കുന്നത്.
സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത്, പാകിസ്താൻ അധികൃതർ തലസ്ഥാനത്തും അയൽരാജ്യമായ റാവൽപിണ്ടിയിലും ലോക്ക്ഡൗൺ നടപ്പിലാക്കി. സന്ദർശിക്കുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ഗതാഗതം നിയന്ത്രിക്കുകയും പ്രധാന റോഡുകൾ അടയ്ക്കുകയും ചെയ്തു. ഇന്നലെ മുതൽ സർക്കാർ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. പട്ടാളത്തെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്, കൂടാതെ പല വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടി.
Discussion about this post