വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴേക്കും നവദമ്പതിമാർ കേൾക്കുന്ന ചോദ്യമാണ് വിശേഷം ആയില്ലേ എന്നത്. ദാമ്പത്യം പൂർണമാകാൻ കുഞ്ഞ് കൂടെ വേണമെന്ന് ചിന്തിക്കുന്നവരാണധികവും. രണ്ടാൾക്കിടയിലേക്ക് കുഞ്ഞുവരാൻ സമയമായി എന്ന് ഉറപ്പാക്കി സ്വപ്‌നം കണ്ട് തുടങ്ങിയവരാണെങ്കിൽ കുഞ്ഞിനെ വഹിക്കാൻ പോകുന്ന അമ്മ മാത്രമല്ല അച്ഛനും പലകാര്യങ്ങളും ശ്രദ്ധിക്കണം. ആരോഗ്യമുള്ള കുഞ്ഞിന് ആരോഗ്യമുള്ള മാതാപിതാക്കൾ തന്നെ വേണം.
ബീജത്തിന്റെ ആരോഗ്യത്തിനായി പുരുഷൻമാർ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രോസസ് ചെയ്ത ഇറച്ചിയിലും ഫാസ്റ്റ് ഫുഡിലും ഉയർന്ന അളവിൽ ട്രാൻസ്ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ പ്രിസർവേറ്റിവുകളും സോഡിയവും ധാരാളമായി ഉണ്ട്. ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കും. കൂടാതെ ബീജത്തിന്റെ ചലനശേഷിയേയും ഇത് ബാധിക്കാം. റെഡ്മീറ്റും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കഴിക്കുന്നത് ബീജത്തിന്റെ ഉൽപാദനത്തെ ബാധിക്കും. കൊഴുപ്പു കളയാത്ത പാൽ, ചിലയിനം പാൽക്കട്ടികൾ ഇവ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്ക്കും.ഇത് സ്‌പേം കൗണ്ടിനെയും പ്രത്യുൽപാദന ആരോഗ്യത്തെയും ബാധിക്കും.
മെർക്കുറി അടങ്ങിയ ഭക്ഷണങ്ങളായ ചൂര,കൊമ്പൻസ്രാവ് എന്നിവ ബീജത്തിന്റെ ഡിഎൻഎയ്ക്ക് തകരാറുണ്ടാക്കും. സോയയിൽ ഐസോഫ്‌ലേവനുകൾ ഉണ്ട്. സോയ ഉൽപന്നങ്ങളുടെ അമിതോപയോഗം ബീജത്തിന്റെ കൗണ്ട് കുറയ്ക്കും.കഫീന്റെ അമിതോപയോഗം, പ്രത്യേകിച്ച് ഊർജപാനീയങ്ങളുടെ ഉപയോഗം ബീജത്തിന്റെ എണ്ണം കുറയ്ക്കും. ഇത് ബീജത്തിന്റെ ഡിഎൻഎ യെ ബാധിക്കുകയും ചെയ്യും.
പുകവലി പുരുഷന്റെ പ്രത്യുൽപാദനക്ഷമതയെ വിനാശകരമായി ബാധിക്കും, കാരണം ഇത് ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും, ഉദ്ധാരണക്കുറവ്, ലൈംഗികശേഷിയില്ലായ്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മദ്യപാനവും പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ തടസ്സപ്പെടുത്തും.കീടനാശിനികൾ, രാസവസ്തുക്കൾ, ഹെവി മെറ്റൽസ്, റേഡിയേഷൻ എന്നിവയുമായുള്ള സംസർഗം ബീജത്തിന്റെ പ്രവർത്തനത്തെയും ഉൽപാദനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
Discussion about this post