കൊച്ചി: ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ടി20 യിൽ വമ്പൻ സെഞ്ചുറി നേടി റെക്കോർഡ് ഇട്ട് താരമായിരിക്കുകയാണ് സഞ്ജുസാംസൺ. ആദ്യ രണ്ട് ടി20യിലും നിരാശപ്പെടുത്തിയശേഷമായിരുന്നു മൂന്നാം ടി20യിൽ സഞ്ജുവിൻറെ തകർപ്പൻ സെഞ്ചുറി.രാജ്യാന്തര ട്വന്റി20യിൽ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡാണ് ഇതിലൂടെ സഞ്ജു സ്വന്തമാക്കിയത്. 46 പന്തിൽ 11 ഫോറും 8 സിക്‌സും ഉൾപ്പെടുന്ന ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്.
സെഞ്ചുറി പൂർത്തിയാക്കിയശേഷ ഡഗ് ഔട്ടിനെ നോക്കി സഞ്ജു കൈയിലെ മസിൽ പെരുപ്പിച്ച കാണിച്ചിരുന്നു. ഡഗ് ഔട്ടിൽ നിന്ന് തിരിച്ച് തിലക് വർമയും ഹാർദ്ദിക് പാണ്ഡ്യയും സഞ്ജുവിനെ നോക്കി മസിൽ പെരുപ്പിച്ച് കാണിക്കുകയും ചെയ്തു. എന്റെ കരിയറിൽ കണ്ട ഏറ്റവും മികച്ച സെഞ്ചറികളിലൊന്ന്’ എന്നായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സിനെക്കുറിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വാക്കുകൾ. സെഞ്ചുറി നേട്ടത്തോടെ സഞ്ജുവിനെ പുകഴ്ത്തി സോഷ്യൽമീഡിയകളിൽ കുറിപ്പുകൾ നിറഞ്ഞു. സഞ്ജുവിനെ തഴഞ്ഞ ഉത്തരേന്ത്യൻ ലോബിക്കുള്ള മറുപടിയാണെന്ന് വരെ ചർച്ചകൾ ഉയർന്നു. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായിട്ടുള്ള ഒരു കുറിപ്പ് ചർച്ചയാവുകയാണ്. വാണി ജയതേ എന്ന പ്രൊഫലിലെ കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂർണരൂപം
സഞ്ജുവിന്റെ സ്വപ്നതുല്യമായ പ്രകടനം കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റ് ഇനിയും വിട്ടു മാറിയിട്ടില്ല.. കഴിഞ്ഞ രണ്ടു ദിവസമായി അതിന്റെ വാഗൺ വീൽ തപ്പിക്കൊണ്ടിരിക്കയായിരുന്നു. സെർച്ച് ചെയ്തിട്ടും കിട്ടിയില്ല. എന്തായാലും കാണേണ്ട ഒന്ന് തന്നെയായിരിക്കുമത്. പിച്ചിന്റെ നാല് വശത്തേക്കും ഒരു തരത്തിലുമുള്ള ഇൻഹിബിഷനും കൂടാതെ അടിച്ചു തകർത്തിട്ടുണ്ട്. എവിടേക്കെറിഞ്ഞാലും, എങ്ങിനെ എറിഞ്ഞാലും എങ്ങോട്ട് വേണമെങ്കിലും പന്ത് പായിക്കാൻ കഴിയുമെന്ന ഒരു അവസ്ഥയിൽ ആയിരുന്നു സഞ്ജു ബാറ്റ് വീശിയിരുന്നത്. ഫീൽഡ് പ്ലെസ് ചെയ്യാൻ ഒരു ക്യാപ്റ്റനും സാധിക്കാത്ത അവസ്ഥ. സഞ്ജുവിന് ടാലന്റ് ഉണ്ടെന്ന് ആർക്കും ഒരു സംശയത്തിനും ഇടയില്ലാത്ത ഒന്നാണ്. സഞ്ജുവിന്റെ കൈവശം ഉള്ള സ്‌ട്രോക്കുകളുടെ വൈവിധ്യം ഇന്ന് ഇന്റർനാഷണൽ ക്രിക്കറ്റിൽ തന്നെ അധികമാർക്കുമില്ല.
എന്നാൽ സഞ്ജുവിന് അവസരങ്ങൾ നിഷേധിക്കുകയായിരുന്നെന്ന് പറഞ്ഞാൽ ഒരു പക്ഷെ അതിനോട് യോജിക്കാൻ കഴിയില്ല. ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് ഓരോ പൊസിഷനും കളിക്കാൻ യോഗ്യതയുള്ള ചുരുങ്ങിയത് അഞ്ചു പേരെങ്കിലും കാണും. എല്ലാവരും വിമർശിക്കുന്ന ഐപിഎൽ ആണ് അതിനൊരു കാരണമെന്ന് പറഞ്ഞാൽ പലർക്കും അംഗീകരിക്കാതിരിക്കാൻ കഴിയില്ല. യുവരക്തങ്ങൾ മുതൽ എക്‌സ്പീരിയൻസുള്ളവർ വരെ ഇടിച്ചു നിൽക്കുകയാണ്. ആ ഒരു സന്ദർഭങ്ങളിൽ ലഭിക്കാവുന്ന പരിഗണന ഒക്കെ സഞ്ജുവിനും ലഭിച്ചിട്ടുണ്ട്. എന്നാൽ ലഭിച്ച അവസരങ്ങൾ പലതും സഞ്ജുവിന് മുതലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഒരു മലയാളി എന്ന നിലയ്ക്ക് സഞ്ജുവിനോട് നമ്മൾക്ക് ഒരു പൊടി ഇഷ്ടക്കൂടുതൽ ഉണ്ട്, അതുകൊണ്ട് തന്നെ സഞ്ജുവിനോട് ലഭിക്കുന്ന പരിഗണന കുറേക്കൂടി ആവാം എന്ന അഭിപ്രായവും കാണും. അതിൽ തെറ്റ് കാണാൻ കഴിയില്ല. പക്ഷെ സഞ്ജുവിന്റെ സമശീർഷരെപ്പോലെ തന്നെയാണ് സഞ്ജുവിനെ സിലക്ടര്മാർ കണ്ടിട്ടുള്ളത്. അതിലൊരു സംശയവുമില്ല.
ഇനി സഞ്ജുവിന്റെ പൊസിഷനിലേക്ക് കോമ്പിറ്റെഷൻ ആയിട്ടുള്ള കളിക്കാരുടെ കാര്യം തന്നെ നോക്കാം. ഉദാഹരണത്തിന് ഇഷാൻ കിഷൻ. കഴിഞ്ഞ നവംബറിലെ ഓസ്ട്രേലിയൻ സീരീസ് കഴിഞ്ഞു ഒരൊറ്റ കളി പോലും ഇഷാൻ കിഷന് കളിക്കാൻ കഴിഞ്ഞിട്ടില്ല. ആ മൂന്ന് മാച്ച് സീരീസിൽ ആണെങ്കിൽ രണ്ടു ഫിഫ്റ്റി അടക്കം 118 റൺസ് ഇഷാൻ ഇഷാൻ അടിച്ചിരുന്നു. ഇഷാന്റെ കരിയർ എടുത്ത് നോക്കിയാൽ ഏകദേശം സഞ്ജുവിനോളം മാച്ചുകൾ മാത്രമേ കളിപ്പിച്ചിട്ടുള്ളൂ .. സഞ്ജുവിനോട് കിട നിൽക്കുന്ന റിക്കോർഡും ഇഷാൻ കിഷനുണ്ട്. (ഇഷാൻ – 32 ഠ20കസിൽ നിന്നും 796 റൺസ് – 89 ഏറ്റവും ഉയർന്ന സ്‌കോർ, ആവറേജ് 25.67 സ്‌ട്രൈക്ക് റേറ്റ്- 124.37 ; സഞ്ജുവിന് ആണെങ്കിൽ 33 കളികളിൽ നിന്നും 594 റൺസ്, ടോപ് സ്‌കോർ -111, ആവറേജ് 22.84, ഇഷാനെക്കാൾ മികച്ച സ്‌ട്രൈക്ക് റേറ്റ് -144.52 സഞ്ജുവിനുണ്ട്) സഞ്ജുവിന്റെ ആവറേജ്ഉം സ്‌ട്രൈക്ക് റേറ്റുമൊക്കെ ഇത്രയും ആയത് കഴിഞ്ഞ സെഞ്ചുറി കൂടി ചേർത്താണ്. ഇനി പറയൂ മുംബൈ ലോബിക്കാരനായ ഇഷാൻ കിഷന് സഞ്ജുവിനേക്കാൾ പരിഗണന കിട്ടിയോ എന്ന്. ഇഷാൻ കിഷൻ ട്രാവൽ ഫെറ്റിഗ് ആണ് എന്ന് അവകാശപ്പെട്ടപ്പോൾ ഇനി ഡൊമസ്റ്റിക്ക് മാച്ചുകൾ കളിച്ച് റീകുപ്പറേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് പുറത്ത് നിർത്തിയത് അജിത് അഗർക്കാർ തന്നെയാണ്.
സഞ്ജുവിനെപ്പോലെ തന്നെ ബാറ്റിംഗ് ഓർഡറിൽ ഒന്ന് മുതൽ ഏഴു വരെ അങ്ങോട്ടും ഇങ്ങോട്ടും ഇഷാനെ തട്ടിക്കളിച്ചിട്ടുണ്ട്. നന്നായി കളിച്ച സീരീസുകൾക്ക് ശേഷം ഒരു കരുണയുമില്ലാതെ ഡ്രോപ്പ് ചെയ്തിട്ടുണ്ട്. രോഹിത് ശർമ്മയുടെ പെറ്റ് ടീം മേറ്റ് ആയിരുന്നിട്ട് കൂടി. ഇനി സഞ്ജുവിനോട് കാട്ടാത്ത ഒരു കാര്യം കൂടി ഇഷാനോട് ചെയ്തിട്ടുണ്ട്. ബിസിസിഐ ഗ്രെയ്ഡിങ്ങിൽ ഇഷാനെ തരാം താഴ്ത്തിയിട്ടുണ്ട്. ഇതൊക്കെ ആയാലും ബീഹാറികളോ ജാർക്കൻഡുകാരോ, മുംബൈക്കാരോ സിലക്ടർമാരെയും മറ്റുള്ള കളിക്കാരെയും തന്തയ്ക്ക് വിളിച്ചു നടന്നിട്ടില്ല. അളിച്ചു വാരി കാമ്പെയിൻ നടത്തിയിട്ടില്ല. ഇഷ്ടക്കാരെ മാത്രം പിടിച്ചിരുത്തി കളി തോൽക്കുന്നതിനേക്കാൾ എല്ലാം കൊണ്ടും ഗുണകരം, കഴിവുള്ളവരെ പിടിച്ചുയർത്തി വിജയം കൊയ്യുന്നതാണ് എന്നറിയാവുന്നവരാണ് ഇപ്പോൾ ക്രിക്കറ്റിനെ നയിക്കുന്നത്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്ത്യൻ ക്രിക്കറ്റ് ഒരു പാട് ഡെമോക്രാറ്റിക്ക് ആയ ഒരു കാലമാണ് ഇപ്പോഴുള്ളത്. ഏത് മുക്കിലും മൂലയ്ക്കലും നിന്നായാലും പ്രതിഭകളെ കണ്ടെത്തി അവർക്ക് അര്ഹതയുള്ള അവസരങ്ങൾ ലഭിക്കാൻ ഇതിലേറെ സാധ്യതകൾ മുമ്പെങ്ങും ഉണ്ടായിട്ടില്ല. അതിന് ഒരു പ്രത്യേക പരിഗണനയും ആരോടും കാണിക്കുക ഉണ്ടായിട്ടില്ല. മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ചെറു പട്ടണങ്ങളിൽ നിന്നും, അണ്ടർ പ്രിവിലേജ്ഡ് വിഭാഗങ്ങളിൽ നിന്നുമൊക്കെ ഓരോരുത്തർ വന്നു കയറി വരുന്നുണ്ട്. അവിടെ ഒരു പക്ഷാഭേദവും ആരോപിക്കാൻ കഴിയില്ല. ടീം ആണെങ്കിൽ തുടർച്ചയായി ജയിച്ചു പോവുന്നുമുണ്ട്. ഇന്ത്യൻ ജേഴ്‌സിയിൽ ഒരു മത്സരത്തിൽ ഇറങ്ങാൻ പതിനൊന്ന് പേർക്കേ കഴിയൂ. ആ പരിമിതിയിൽ വെച്ച് ജയസാദ്ധ്യതകൾ മാത്രം മുന്നിൽ കണ്ടു കൊണ്ടാണ് ടീം സിലക്ഷൻ. യുക്തിയുള്ളവർ ആരും അതിൽ ഇരവാദം ഇറക്കാൻ പോവില്ല. ഇരവാദവും കൊണ്ട് നടക്കുന്നത് അവനവന്റെ മനസ്സിലെ വിഭാഗീയ ചിന്തകൾ ഉള്ളത് കൊണ്ടാണ്. ഇന്ത്യ ജയിക്കണം എന്ന് മാത്രം ലക്ഷ്യമുള്ളവർക്ക് അതിലൊരു കുറ്റവും കാണാൻ കഴിയില്ല.
അതുകൊണ്ട് തന്നെ സിലക്ടർമാരുടെ അണ്ണാക്കിൽ അടിച്ചു.. ടീം മാനേജ്മെന്റിനെ പാഠം പഠിപ്പിച്ചു.. ജയ് ഷായെ മൂക്ക് കൊണ്ട് ക്ഷ വരപ്പിച്ചു എന്നൊക്കെയുള്ള നരേറ്റിവോടെ തങ്ങളുടെ നാറിയ രാഷ്ട്രീയം കുത്തിത്തിരുകാൻ നോക്കിയാൽ അത് സഞ്ജുവിന്റെ കരിയറിന് ഗുണത്തേക്കാൾ ഏറെ ദോഷമേ ചെയ്യുകയുള്ളൂ. ആരെന്തൊക്കെ പറഞ്ഞാലും സഞ്ജുവിന് അർഹമായ സ്ഥാനം തുടർന്നും കിട്ടിക്കൊണ്ടിരിക്കും, അതിനോട് നീതി പുലർത്താൻ കഴിഞ്ഞാൽ സഞ്ജുവിന് ഇനിയും ഇതിലുമേറെ ഉയരങ്ങൾ കീഴടക്കാൻ കഴിയും.
Discussion about this post