ഗുവാഹട്ടി: വഖഫ് ബോർഡിന്റെ 10 ലക്ഷത്തോളം ഏക്കർ ഭൂമി സർക്കാരിന്റെ അടുത്തുണ്ടെന്ന വാദവുമായി ജാമിയത് ഉൽമ ഇ ഹിന്ദ് സംസ്ഥാന അദ്ധ്യക്ഷനും എഐയുഡിഎഫ് നേതാവുമായ ബദ്രുദ്ദീൻ അജ്മൽ. ഈ ഭൂമി മുഴുവനായി വഖഫ് ബോർഡിന് തിരികെ നൽകണം എന്നും ബദ്രുദ്ദീൻ അജ്മൽ പറഞ്ഞു. ജാമിയത് ഉൽമയുടെ യോഗത്തിൽ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട ബദ്രുദ്ദീൻ അജ്മലിന്റെ പരാമർശം.
ഞങ്ങൾക്ക് മെഡിക്കൽ കോളേജുകൾ വേണ്ട. അനാഥാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വേണ്ട. തങ്ങളുടെ പൂർവ്വികരുടെ സ്വത്തുക്കൾ വഖഫ് ബോർഡിന്റെയാണ്. അത് തങ്ങൾക്ക് തിരികെ തരണം. ഈ ഭൂമിയ്ക്ക് മതപരമായി വലിയ സവിശേഷതയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ ഭൂമി വഖഫ് ബോർഡിന് കീഴിൽ തന്നെ തുടരേണ്ടത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് ഭൂമി തിരിച്ച് പിടിയ്ക്കുന്നതിനായി ജാമിയത് ഉൽമ ഇ ഹിന്ദ് സർവ്വേ നടത്തും. ഭൂമി വഖഫ് ബോർഡിന്റേത് ആകുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത് ബിജെപി സർക്കാർ ആണ്. അംബാനിയുടെ വീടും ന്യൂഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരവും സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയിൽ ആണ്. ഇതെല്ലാം യഥാർത്ഥ അവകാശികൾക്ക് തന്നെ തിരികെ നൽകണം. വഖഫ് ബില്ലിനെതിരെ നിയമ പോരാട്ടം കടുപ്പിക്കുമെന്നും ബദ്രുദ്ദീൻ അജ്മൽ വ്യക്തമാക്കി.
വഖഫിന്റെ ഭൂമി തിരികെ ലഭിക്കാൻ പോരാടും. ജോയിന്റ് പാർലമെന്ററി കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിക്കും. എല്ലാ പ്രശ്‌നങ്ങൾക്കും താനൊരു ഫലപ്രദമായ പരിഹാരം കണ്ടെത്തും എന്നും ബദ്രുദ്ദീൻ അജ്മൽ വ്യക്തമാക്കി.
Discussion about this post