ഇസ്ലാമാബാദ് : ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. ഇസ്ലാമാബാദിൽ നടന്നുകൊണ്ടിരിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയുമായി ബന്ധപ്പെട്ടാണ് മുൻ വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവന. ഭീകരവാദം ഒരു യാഥാർത്ഥ്യമാണെന്നുള്ള കാര്യം അംഗീകരിച്ചുകൊണ്ട് പാകിസ്താൻ ഭരണകൂടം ഇന്ത്യയുമായി ചർച്ച നടത്തണമെന്ന് ബിലാവൽ ഭൂട്ടോ സർദാരി ആവശ്യപ്പെട്ടു.
എസ്‌സിഒ ഉച്ചകോടിയിൽ വെച്ച് പാകിസ്താനുമായി ഉഭയകക്ഷി ചർച്ച നടത്തുന്നതിനുള്ള എല്ലാ സാധ്യതകളും ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ കൂടിയായ സർദാരി എസ്‌സിഒ മീറ്റിംഗിൻ്റെ ഭാഗമായി ഇരു രാജ്യങ്ങളും സംഭാഷണത്തിൽ ഏർപ്പെടാൻ അഭ്യർത്ഥിച്ചത്. എസ്‌സിഒയുടെ പശ്ചാത്തലത്തിലല്ലെങ്കിലും ഇരു രാജ്യങ്ങളും ഉഭയകക്ഷി ചർച്ചകൾ എത്രയും വേഗം പുനരാരംഭിക്കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷാങ്ഹായ് കമ്മീഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിക്കിടെ ഉഭയകക്ഷി ചർച്ച നടത്തുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും ആലോചിക്കണം. ഇന്നായാലും നാളെയായാലും ഒരു സംഭാഷണം അനിവാര്യമാണ്. ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്താതെ സഹകരണം മെച്ചപ്പെടുത്താനാണ് നോക്കേണ്ടത് എന്നും സർദാരി വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പാകിസ്താനി ജനതയ്ക്ക് “ആഴത്തിലുള്ള ആഗ്രഹം” ഉണ്ടെന്ന് ചൊവ്വാഴ്ച, പാക്കിസ്താൻ്റെ മുൻ ഇടക്കാല പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കാക്കറും പ്രഖ്യാപിച്ചിരുന്നു.
Discussion about this post