മുംബൈ: അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയിയെ പ്രകീർത്തിച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ. ഇന്ത്യയിലെ ഒരു നടനും അദ്ദേഹത്തിന്റെയത്ര സൗന്ദര്യം ഇല്ലെന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ലോറൻസ് ബിഷ്‌ണോയിയെ പ്രകീർത്തിച്ച് അദ്ദേഹം രംഗത്ത് എത്തിയത്.
ഏറ്റവും വലിയ അധോലോക നായകനെക്കുറിച്ച് സിനിമ ചെയ്യുകയാണ് എങ്കിൽ ആരും തന്നെ ദാവൂദ് ഇബ്രാഹിമിനെ പോലെയോ ഛോട്ടാ രാജനെ പോലെയോ ഉള്ള ഒരാളെ ഒരിക്കലും തിരഞ്ഞെടുക്കില്ല. ഇവിടെ നോക്കു. ബിഷ്‌ണോയിയെക്കാൾ സൗന്ദര്യം ഉള്ള ഒരു നടനെ പോലും തനിക്ക് ഓർമ്മ വരുന്നില്ല- ഇങ്ങനെ ആയിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. സംവിധായകന്റെ കുറിപ്പിന് പിന്നാലെ നിരവധി പേർ വിമർശനങ്ങളുമായി രംഗത്ത് എത്തി.
കഴിഞ്ഞ ദിവസം ലോറൻസ് ബിഷ്‌ണോയിയ്ക്ക് സൽമാൻ ഖാനോട് തോന്നിയ പകയെക്കുറിച്ച് രാം ഗോപാൽ വർമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൗന്ദര്യത്തെ പ്രശംസിച്ച് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യ പോസ്റ്റിലും രാം ഗോപാൽ വർമ്മയ്ക്ക് നേരെ രൂക്ഷ വിമർശനം ആയിരുന്നു ഉയർന്നിരുന്നത്. 1998 ൽ ഹം സാഥ് സാഥ് ഹേ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സൽമാൻ ഖാൻ കൃഷ്ണ മൃഗത്തെ വെടിവച്ച് കൊന്നത്. അന്ന് ലോറൻസ് ബിഷ്‌ണോയിയ്ക്ക് പ്രായം അഞ്ച് വയസ്സാണ്. കൃഷ്ണ മൃഗത്തെ കൊന്നതിന് പ്രതികാരമെന്നോണമാണ് സൽമാൻ ഖാനെ കൊലപ്പെടുത്താൻ ബിഷ്‌ണോയ് ശ്രമിക്കുന്നത് എന്നായിരുന്നു രാം ഗോപാൽ വർമ്മ പറഞ്ഞത്.
Discussion about this post