ആലപ്പുഴ : ഉപഭോക്താവിനും ഉണ്ട് അവകാശങ്ങൾ എന്ന് ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള സുപ്രധാന വിധിയുമായി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാത്തതിന്റെ പേരിലാണ് നടപടി. ആലപ്പുഴയിലുള്ള ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് പിഴ ചുമത്തിയിട്ടുള്ളത്.
എറണാകുളം സ്വദേശിയായ കെ.ജി ലിസ എന്ന യുവതി നൽകിയ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ആലപ്പുഴയിലെ ഇഹ ഡിസൈൻസിന് പിഴ ചുമത്തിയിട്ടുള്ളത്. 1395 രൂപയ്ക്ക് ഓൺലൈനിലൂടെ ഓർഡർ നൽകിയ ചുരിദാറിനെ ചൊല്ലിയായിരുന്നു യുവതി പരാതി നൽകിയിരുന്നത്. ഓർഡർ നൽകിയ ഉടൻ തന്നെ ചുരിദാറിന്റെ നിറം മാറ്റി നൽകണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിറം മാറ്റാൻ ആകില്ലെന്നും ഇപ്പോൾതന്നെ തപാലിൽ അയച്ചു കഴിഞ്ഞു എന്നുമായിരുന്നു സ്ഥാപന ഉടമ പരാതിക്കാരിയെ അറിയിച്ചിരുന്നത്.
പരാതിക്കാരി ഓർഡർ റദ്ദാക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനമുടമ അനുവദിച്ചില്ല. പിന്നീട് തപാലിൽ ലഭിച്ചപ്പോഴാണ് ഓർഡർ നൽകിയ അളവിലുള്ള ചുരിദാർ അല്ല ലഭിച്ചത് എന്ന് കണ്ടെത്തിയത്. ഇതോടെ ചുരിദാർ തിരികെ അയക്കാൻ ശ്രമിച്ചെങ്കിലും ഇഹ ഡിസൈൻസ് ഇത് സ്വീകരിക്കാൻ തയ്യാറായില്ല. കൂടാതെ പണം റീഫണ്ട് ചെയ്യാനും സ്ഥാപനം തയ്യാറായിരുന്നില്ല. തുടർന്ന് പരാതിക്കാരി തപാൽ രേഖകൾ വിശദമായി പരിശോധിച്ചപ്പോൾ ഓർഡർ നൽകിയ ഉടൻതന്നെ തപാലിൽ അയച്ചു എന്ന വാദം തെറ്റാണെന്ന് കണ്ടെത്തി. ഇതോടെ യുവതി പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഈ സ്ഥാപനത്തിനെതിരെ നേരത്തെയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിരുന്നു. ഓൺലൈൻ ആയി ഓർഡർ ചെയ്യുന്ന പല വസ്ത്രങ്ങളും ചിത്രങ്ങളിലോ വീഡിയോയിലോ കാണുന്നതുപോലെയല്ല ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത് എന്ന് പരാതി ഉയർന്നിരുന്നു. ഇൻസ്റ്റഗ്രാമിലും മറ്റുമുള്ള ഫോട്ടോകളും റീൽസും കണ്ടാണ് പലപ്പോഴും ഉപഭോക്താക്കൾ വസ്ത്രങ്ങൾ ഓർഡർ നൽകുന്നത്. എന്നാൽ ഈ വസ്ത്രങ്ങൾ കയ്യിൽ ലഭിക്കുമ്പോൾ പലപ്പോഴും ഗുണനിലവാരം ഇല്ലാത്തതാണെന്നും മാറ്റി നൽകാനോ റീഫണ്ട് നൽകാനോ സ്ഥാപനം തയ്യാറാകാറില്ല എന്നും സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ എറണാകുളം സ്വദേശിനിയായ യുവതി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ നേരിട്ട് സമീപിച്ചതോടെയാണ് ഇഹ ഡിസൈൻസ് എന്ന സ്ഥാപനത്തിന് പിഴ ചുമത്തിയിരിക്കുന്നത്.
എറണാകുളം ഇടപ്പള്ളി സ്വദേശിയാണ് പരാതിക്കാരിയായ കെ ജി ലിസ. അധ്യാപികയായി ജോലി നോക്കുന്ന ലിസ ഇഹ ഡിസൈൻസിന്റെ സമൂഹമാധ്യമ പോസ്റ്റിലെ ഫോട്ടോയിൽ കണ്ട ചുരിദാറിന്റെ മോഡൽ ഇഷ്ടപ്പെട്ടാണ് ഓർഡർ നൽകിയിരുന്നത്. എന്നാൽ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ മോശം അനുഭവത്തെ തുടർന്ന് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഒരിക്കൽ വിറ്റ ഉത്പന്നം മാറ്റി നൽകുകയോ തിരിച്ചെടുക്കുകയോ ചെയ്യാതിരിക്കുന്നത് ശരിയായ നടപടിയല്ല എന്നാണ് ഡി ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ ബെഞ്ച് ചൂണ്ടിക്കാട്ടി.
Discussion about this post