ന്യൂഡൽഹി: ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങളുടെ മാസവരുമാനത്തിൽ വർദ്ധനവെന്ന് സർവേ റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 57.6 ശതമാനം വർദ്ധിച്ചുവെന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്. നബാർഡ് പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2016-17 സാമ്പത്തിക വർഷത്തിൽ ഗ്രാമീണ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വർദ്ധനവ് 8059 രൂപയായിരുന്നു. എന്നാൽ, ഇപ്പോഴത് 12,698 രൂപയായി വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. വാർഷിക സമ്പാദ്യത്തിന്റെ കാര്യത്തിലും മാറ്റം പ്രകടമാണ്. 2021-22ലെ കണക്കുകളിൽ വാർഷിക വരുമാനം 9104 രൂപയായിരുന്നത് 13,209 രൂപയായി മാറി. 66 ശതമാനം വർദ്ധനവാണ് ഇതിലുണ്ടായത്.
കാർഷിക കുടുംബങ്ങളാണ് ഗ്രാമീണ മേഖലയിലെ സമ്പാദ്യത്തിൽ മുന്നിൽ നിൽക്കുന്നതെന്നും നബാർഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഗ്രാമീണ മേഖലയിലെ 71 ശതമാനം കാർഷിക കുടുംബങ്ങൾക്കും സമ്പാദ്യ ശീലമുണ്ട്. കാർഷികേതര കുടുംബങ്ങളിൽ ഇത് 58 ശതമാനം മാത്രമാണ്.
11 സംസ്ഥാനങ്ങളിൽ 70 ശതമാനത്തിലധികം കുടുംബങ്ങളും സമ്പാദ്യശീലമുള്ളവരാണ്. ഇതിൽ ഉത്തരാഖണ്ഡാണ് മുന്നിൽ നിൽക്കുന്നത്. ഇവിടെ 93 ശതമാനം കുടുംബങ്ങളും സമ്പാദ്യ ശീലമുള്ളവരാണ്. ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും മുന്നിലാണ്. ഉത്തർപ്രദേശ് 84ശതമാനംഫവും ജാർഖണ്ഡ് 84 ശതമാനവുമാണ് കണക്കിൽ പറയുന്നത്. കേരളമുൾപ്പെടെയുള്ള ബാക്കി സംസ്ഥാനങ്ങളിൽ പകുതിയിൽ താഴെ കുടുംബങ്ങൾക്ക് മാത്രമാണ് സമ്പാദ്യശീലമുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒരു ലക്ഷം ഗ്രാമീണ കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് നബാർഡ് സർവേ നടത്തിയത്. രണ്ടാമത് നബാർഡ് ഓൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ (നാഫിസ്) സർവ്വേയാണ് റിപ്പോർട്ട് പുറത്തു വിട്ടത്.
Discussion about this post