ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങൾക്ക് കാരണം ട്രൂഡോ മാത്രമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ഇന്നലെ വൈകിയിറക്കിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ വിമർശനം.
ഇന്ത്യക്കെതിരെ കാനഡ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ തെളിയിക്കാൻ ഒരു തരത്തിലുള്ള തെളിവുകളും കാനഡ ഹാജരാക്കിയിട്ടില്ല. ഇന്ത്യക്കെതിരെ വ്യക്തമായ തെളിവുകൾ ഒന്നുമില്ല, ഇന്റലിജൻസ് വിവരങ്ങൾ മാത്രമാണ് ഉള്ളതെന്നുമായിരുന്നു ട്രൂഡോയുടെ വാദം. ഈ പ്രസ്താവനയെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
തങ്ങൾ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾക്ക് സ്ഥിരീകരണം നൽകുക മാത്രമാണ് ട്രൂഡോ ഇപ്പോൾ ചെയ്തിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യക്കും ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾക്കുമെതിരെ കാനഡ ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരു തെളിവും ഇതുവരെ അവർ ഹാജരാക്കിയിട്ടില്ലെന്ന തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. കാനഡയുടെ ഈ പ്രതികരണം മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വലിയ ഉലച്ചിൽ സംഭവിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം വഷളായതിന്റെ ഉത്തരവാദി ട്രൂഡോ മാത്രമാണെന്നും ജയ്‌സ്വാൾ വ്യക്തമാക്കി.
Discussion about this post