പത്തനംതിട്ട : കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആയിരുന്ന നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് ആണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നവീൻ ബാബുവിന് നൽകിയത്. മന്ത്രിമാരും എംഎൽഎമാരും കളക്ടർമാരും അടക്കമുള്ളവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
നവീൻ ബാബുവിന്റെ പെൺമക്കളായ നിരഞ്ജനയും നിരൂപമയും ചേർന്നാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം ചിതയിലേക്ക് എടുക്കുന്നതിനായി മന്ത്രിയും എംഎൽഎയും അടക്കമുള്ളവരും ഒപ്പം ചേർന്നു. റവന്യൂ മന്ത്രി കെ രാജനും ജനീഷ് കുമാർ എംഎൽഎയും മൃതശരീരത്തിന്റെ ഓരോ അറ്റത്തും പിടിച്ചാണ് ചിതയിലേക്ക് എടുത്തത്. മറ്റ് നിരവധി ജനപ്രതിനിധികളും പൊതുജനങ്ങളും സംസ്കാര ചടങ്ങിൽ പങ്കുകൊണ്ടു.
ഇന്ന് പത്തനംതിട്ട കളക്ടറേറ്റിൽ നടന്ന പൊതുദർശനത്തിലും വീട്ടിലുമായി വലിയൊരു ജനക്കൂട്ടം തന്നെയാണ് നവീൻ ബാബുവിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നത്. കണ്ണീരടക്കാൻ ആകാതെ ഓരോ സഹപ്രവർത്തകരും വിങ്ങിപ്പൊട്ടുന്ന കാഴ്ചയായിരുന്നു പൊതുദർശനത്തിൽ കണ്ടിരുന്നത്. പത്തനംതിട്ടയിലെ മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പോലും കരച്ചിൽ അടക്കാനായി പാടുപെട്ടു.
റവന്യൂ മന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പത്തനംതിട്ട മുൻ കളക്ടർ പി ബി നൂഹ് എന്നിങ്ങനെ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും ആയി നിരവധി പേർ നവീൻ ബാബുവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. കളക്ടറേറ്റിലെ പൊതുദർശനത്തിനുശേഷം രാവിലെ 11:30 യോടെ ആയിരുന്നു നവീൻ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ വീട്ടിൽ എത്തിച്ചിരുന്നത്. അതേസമയം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കണ്ണൂർ സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post