കോട്ടയം; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയർന്നതോടെ വ്യാജവെളിച്ചെണ്ണ വിപണിയിലേക്കൊഴുകാൻ ആരംഭിച്ചതായി വിവരം. ഇതിന് തടയിടുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഓയിൽ എന്ന പേരിലാണ് സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. 100 ഓളം കേന്ദ്രങ്ങളിൽ ഇതിനോടകം പരിശോധന നടത്തി ചിലർക്ക് നോട്ടീസും നൽകിയതായി ആരാേഗ്യമന്ത്രി വീണാജോർജ് വ്യക്തമാക്കിയിരുന്നു.
കൊപ്രയ്ക്ക് ക്ഷാമമായതോടെ വെളിച്ചെണ്ണ 250 രൂപയ്ക്കാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. ഇതിൽ ലാഭം പിടിക്കാനാണ് വ്യാജൻ എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് നിരോധിച്ച പല ബ്രാൻഡുകളും റിനെയിം ചെയ്ത് വീണ്ടും എണ്ണ വിപണിയിൽ ഇറക്കുന്നതായി വിവരം ലഭിച്ചിരുന്നു. കുപ്പികളിൽ സാധാരണ നിറച്ച വെന്ത വെളിച്ചെണ്ണയുടെ ഫ്‌ളേവറോടെ എണ്ണയാട്ടു കേന്ദ്രങ്ങളിൽ ഉണ്ടാക്കിയ എന്ന പേരിലും വ്യാജ എണ്ണ വിൽക്കുന്നുണ്ട്. ഒർജിനലും വ്യാജനും തമ്മിൽ തിരിച്ചറിയാനാവാതെ നട്ടം തിരിയുകയാണ് ഉപയോക്താക്കൾ.
ലിറ്ററിന് 60 രൂപ വിലയുള്ള ലിക്വിഡ് പാരാഫിൻ രാസപദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്‌ളേവർ ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നതെന്നാണ് വിവരം. കേരളത്തിന് പുറത്ത് വൻകിട മരുന്നുനിർമ്മാണ ശാലകളിൽ നിന്ന് ഉപയോഗ്യശൂന്യമായ ലിക്വിഡ് പാരഫിൻ ലഭിക്കും. ത്വക്ക് രോഗത്തിന് പുറത്ത് പുരട്ടാൻ മാത്രം ഉപയോഗിക്കുന്ന ഈ രാസപദാർത്ഥം ഉള്ളിൽ ചെന്നാൽ കുടൽ കാൻസറിന് ഉൾപ്പെടെ സാധ്യത ഏറെയാണ്.
Discussion about this post