ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട്. മറ്റ് 45 കൂട്ടാളികൾക്കുമെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിർദേശം. ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റീസ് മൊഹമ്മദ് ഗുലാം മൊർതുസ മജൂംദാറിന്റെയാണ് ഉത്തരവ് .
ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർത്ഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയക്കെതിരെ അറസ്റ്റ വാറണ്ട് പുറപ്പെടുവിച്ചത്. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു ഒബൈദുൾ ഖദാറിനെതിരെ ഉൾപ്പെടെയാണ് ഉത്തരവ്. ഇരുവർക്കും പുറമെ ഹസീന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും എതിരെ വാറണ്ടുണ്ട്..
സർക്കാർ വിരുദ്ധ പ്രതിഷേധത്തെത്തുടർന്ന് ആഗസ്റ്റ് 5 നാണ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇതിനു ശേഷം പൊതുവേദികളിൽ ഇതുവരെ ഹസീന പ്രത്യക്ഷപ്പെട്ടിട്ടില്ല. ഡൽഹിയിലുള്ള ഒരു സൈനിക താവളത്തിൽ എത്തിയതായാണ് ഹസീനയെക്കുറിച്ചുള്ള അവസാന വിവരം.
ഇതിനിടെ ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ശരിയായ അന്വേഷണം നടക്കണമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രസ്താവന ഇറക്കിയിരുന്നു. കുറ്റക്കാർക്ക് തക്ക ശിക്ഷ നൽകണമെന്നും ഷെയ്ക്ക് ഹസീന ആവശ്യപ്പെട്ടിരുന്നു.
Discussion about this post