ന്യൂഡൽഹി : അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പിന്റെ അനുമതിയിൽ അന്വേഷണം തുടങ്ങി കേന്ദ്ര പെട്രോളിയം മന്ത്രാലയം. എ ഡി എമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന് ആണ് പെട്രോൾ പമ്പ് തുടങ്ങുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി എഡിഎം നവീൻ ബാബു 98500 രൂപ കൈക്കൂലി വാങ്ങി എന്നാണ് പ്രശാന്ത് പരാതി ഉന്നയിച്ചിരുന്നത്.
ഈ വിഷയത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം നടത്തുന്നത്. കേന്ദ്ര പെട്രോളിയം സഹമന്ത്രിയും തൃശ്ശൂർ എംപിയും ആയ സുരേഷ് ഗോപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഈ വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ അടക്കം നേരത്തെ സുരേഷ് ഗോപിയെ ബന്ധപ്പെട്ടിരുന്നു.
ബിജെപി നേതാക്കളുടെ പരാതിയെ തുടർന്നാണ് സുരേഷ് ഗോപി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് പരാതി കൈമാറുകയും ബിപിസിഎല്ലിനോട് വിശദീകരണം തേടുകയും ചെയ്തത്. പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്ത് കണ്ണൂർ ചെങ്ങളായിയിലാണ് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി തേടിയിരുന്നത്. സമീപത്തെ പള്ളിയുടെ ഭൂമിയിൽ നിന്നുമുള്ള 40 സെന്റ് സ്ഥലമായിരുന്നു പമ്പിനായി കണ്ടെത്തിയിരുന്നത്. എന്നാൽ എഡിഎമ്മിന്റെ മരണം വിവാദമായതോടെ പ്രശാന്തിന് പെട്രോൾ പമ്പ് തുടങ്ങുന്നതിനായി സ്ഥലം നൽകുന്ന കാര്യത്തിൽ പുനരാലോചന നടത്തും എന്നാണ് പള്ളി അധികൃതർ അറിയിക്കുന്നത്. അതേസമയം പ്രശാന്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ഭർത്താവിന്റെ ബിനാമി ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
Discussion about this post