തൃശ്ശൂർ: യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ അദ്ധ്യാപിക പോലീസിൽ കീഴടങ്ങി. കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡൽ ഹയർസെക്കന്ററി സ്‌കൂളിലെ യുകെജി അദ്ധ്യാപികയായ സെലിൻ (29) ആണ് കീഴടങ്ങിയത്. സെലിനെ നേരത്തെ തന്നെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.
നെടുപുഴ പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് സെലിൻ കീഴടങ്ങിയത്. നേരത്തെ തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സെലിനെ ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇന്ന് സെലിൻ വീണ്ടും കോടതിയിൽ ഹാജരാകും.
ഇക്കഴിഞ്ഞ എട്ടാം തിയതിയായിരുന്നു സെലിൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. ബോർഡിൽ എഴുതിയ കാര്യങ്ങൾ ഡയറിയിലേത്ത് പകർത്തി എഴുതാൻ അഞ്ച് മിനിറ്റ് താമസിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സെലിൻ കുട്ടിയെ മർദ്ദിച്ചത്. കുട്ടിയുടെ ഇരുകാലുകളിലും ചൂരൽ കൊണ്ട് അടിയ്ക്കുകയായിരുന്നു.
മർദ്ദനത്തിൽ കുട്ടിയുടെ കാലുകൾക്ക് പരിക്കേറ്റു. വീട്ടിലെത്തിയ വിദ്യാർത്ഥിയുടെ കാലുകൾ രക്ഷിതാക്കൾ കണ്ടതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post