മുംബൈ: ആഗോള കോടീശ്വരനായ ഇലോൺ മസ്‌ക് ഇന്ത്യയുടെ വിപണികളിൽ കണ്ണുവച്ചിട്ട് നാളുകളേറെയായി. അതുപോലെ തന്നെ, ആഗോളവിപണികളിൽ തന്നെ തരംഗമായ ടെസ്ല എണ്ണ ഇലക്ട്രിക് വാഹനമെന്ന സ്വപ്‌നം യാഥാർത്ഥ്യമാവാൻ ഇന്ത്യയുടെ കാത്തിരിപ്പ് തുടങ്ങിയിട്ടും വർഷങ്ങളായി. എന്നാൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഈ യാഥാർത്ഥ്യത്തിലേക്കുള്ള ഈ സ്വപ്‌നത്തിന്റെ ദൂരം നീണ്ടുപോവുകയാണ്.
എന്നാൽ, ഇതേസമയം തന്നെ, മസ്‌കിന്റെ രണ്ടാമത്തെ ഉത്പന്നത്തിന് ഇന്ത്യ ഇപ്പോൾ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾക്കെല്ലാം ഒരു വെല്ലുവിളി നൽകിക്കൊണ്ട് ഇന്റർനെറ്റ് സേവനമേഖലയിലേക്കാണ് മസ്‌ക് എത്തുന്നത്. നിലവിൽ ഫൈബർ ബ്രോഡ്ബാൻഡ് വഴി ഉപയോക്താക്കളെ ആകർഷിക്കുന്ന നിലവിലെ ടെലികോം കമ്പനികൾക്കും ഒരുപടി മുമ്പിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് ആയിരിക്കും മസ്‌ക് വാഗ്ദാനം ചെയ്യുക.
രാജ്യത്തെ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതായിരിക്കും ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സേവനം. കേബിളുകളോ മറ്റ് സൗകര്യങ്ങളോ ഒന്നുമില്ലാതെ, ഒരു ചെറിയ ആന്റിനയും റിസീവറും മാത്രം ഉപയോഗിച്ചായിരിക്കും ഈ സേവനം നിങ്ങളിലേക്ക് എത്തിക്കുക.
50 മുതൽ 150 എംബിപിഎസിന് ഇടയിലായിൽ ഡൗൺലോഡ് വേഗത വാഗ്ദാനം ചെയ്യുന്നതായിരിക്കും മസ്‌കിന്റെ ഇന്റർനെറ്റ് സേവനമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കവറേജ് വർദ്ധിപ്പിക്കുന്നതിനായി ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
Discussion about this post