യൗവ്വനം നിലനിര്‍ത്താനായി കോടികള്‍ മുടക്കുകയാണ് കാലിഫോര്‍ണിയയിലെ ശതകോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സണ്‍. നിലവില്‍ നാല്‍പ്പത്തിയഞ്ചുകാരനായ ബ്രയാന്‍ പ്രതിവര്‍ഷം 16 കോടി രൂപയാണ് തന്റെ ചെറുപ്പം നിലനിര്‍ത്താനുള്ള ചികിത്സകള്‍ക്കായി ചെലവഴിക്കുന്നത്. പലപരീക്ഷണങ്ങളിലൂടെ അഞ്ചുവയസ്സോളം കുറഞ്ഞെന്ന അവകാശവാദവും ബ്രയാന്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇതിനായി താന്‍ നടത്തിയ പുതിയൊരു പരീക്ഷണം നടത്തിയെന്ന് ചിത്രം സഹിതം അവകാശപ്പെട്ടിരിക്കുകയാണ് അദ്ദേഹം.
രക്തത്തിലെ ദ്രാവക ഘടകമാണ് പ്ലാസ്മ. തന്റെ പ്ലാസ്മ സ്വീകരിച്ചതോടെ സ്വന്തം പിതാവിന് 25 വയസ് കുറഞ്ഞു എന്നാണ് ബ്രയാന്‍ ജോണ്‍സണ്‍ പറയുന്നത്.
ശരീരത്തില്‍ നിന്നും ഒരു ലിറ്റര്‍ പ്ലാസ്മ നീക്കം ചെയ്ത ശേഷം മകന്റെ പ്ലാസ്മ പകരം പുനഃസ്ഥാപിക്കുന്ന ചികിത്സയ്ക്ക് ബ്രയാന്‍ കഴിഞ്ഞ വര്‍ഷം വിധേയനായിരുന്നു. എന്നാല്‍ ഇത്തവണ റീജനറേറ്റീവ് മെഡിസിന്‍, ആന്റി-ഏജിങ് ട്രീറ്റ്മെന്റ് എന്നിവയില്‍ പിന്തുടരുന്ന അത്യാധുനിക ചികിത്സാ രീതിയായ ടോട്ടല്‍ പ്ലാസ്മ എക്‌സ്‌ചേഞ്ചാണ് (TPE) ബ്രയാന്‍ പരീക്ഷിച്ചിരിക്കുന്നത്. ഒരു വ്യക്തിയില്‍ നിന്നും പ്ലാസ്മ പൂര്‍ണമായി നീക്കം ചെയ്ത ശേഷം മറ്റൊരു വ്യക്തിയുടെ പ്ലാസ്മയോ അല്ലെങ്കില്‍ മറ്റൊരു ദ്രാവകമോ ഉപയോഗിച്ച് പുനഃസ്ഥാപിക്കുന്നതാണ് ഈ ചികിത്സാരീതി.
ബ്രയാന്‍ ജോണ്‍സണ്‍ പ്ലാസ്മയെ വിശേഷിപ്പിച്ചത് ദ്രാവക രൂപത്തിലുള്ള സ്വര്‍ണമെന്നാണ്. തന്റെ ഒരു ലിറ്റര്‍ പ്ലാസ്മ സ്വീകരിച്ച പിതാവിന് പ്രായമാകുന്നതിന്റെ വേഗത 25 വര്‍ഷമായി കുറഞ്ഞെന്നും ഇതേ സ്ഥിതിയില്‍ ആറുമാസംവരെ തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു
ബ്രെയിന്‍ട്രീ എന്നു പേരിട്ടിരിക്കുന്ന ആപ്പിലൂടെ പ്രശസ്തനായ ബ്രയാന്‍ ജോണ്‍സണ്‍ പിന്നീട് അത് എണ്ണൂറ് മില്യണ്‍ ഡോളറിന് വില്‍ക്കുകയും ചെയ്തിരുന്നു. നിലവില്‍ കെര്‍ണേല്‍ എന്ന ബയോടെക് കമ്പനിയുടെ സി.ഇ.ഒ. ആയ ബ്രയാന്‍ പ്രായം കുറയ്ക്കാനായി പ്ലാസ്മ സ്വാപ്പിങ് എന്ന രക്ത കൈമാറ്റ ചികിത്സ നടത്തുന്നത് വാര്‍ത്തകളില്‍ ഇടം നേടുകയും വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇത്തരത്തിലുള്ള ചികിത്സയ്ക്ക് ഒരു ശാസ്ത്രീയ പിന്‍ബലവും ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
Discussion about this post