മുംബൈ: ബോളിവുഡിലെ മുടിചൂടാ മന്നൻ ആരാണെന്ന് ചോദിച്ചാൽ ഷാരൂഖ് ഖാൻ എന്ന് പറയാൻ ആർക്കും അധികം ചിന്തിക്കേണ്ടി വരില്ല. ജനഹൃദയങ്ങളെ അത്രമാത്രം സ്വാധീനിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട് എന്നതാണ് സത്യം. പറയത്തക്ക സൗന്ദര്യമോ മറ്റ് കഴിവുകളോ ഇല്ലാതിരുന്ന ഷാരൂഖ് ഖാനെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ സരസമായ സംസാര രീതിയും, അസാധ്യമായ നർമ്മ ബോധവുമുണ് ഒരു കഥാപാത്രത്തിന്റെ വിജയത്തിനായുള്ള അർപ്പണ ബോധവുമാണ്. എന്നാൽ ഷാരൂഖ് ഖാൻ എന്ന നടനെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച അദ്ദേഹത്തിന്റെ നർമ്മ ബോധം, ഇന്നത്തെ കാലത്ത് അപകടകരമാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡിന്റെ കിംഗ് ഖാൻ.
അടുത്തിടെ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി ഷാരൂഖ് എത്തിയിരുന്നു. ഫെസ്റ്റിൻ്റെ ഭാഗമായി അദ്ദേഹം ലോക്കർനോ മീറ്റ് പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് അദ്ദേഹം ഈ കാര്യം തുറന്നു പറഞ്ഞത്.
സത്യസന്ധമായി പറയുകയാണെങ്കിൽ എനിക്ക് സഹജമായ നർമ്മബോധം ഉണ്ടെന്ന് ഞാൻ കരുതുന്നു, എനിക്ക് ആളുകളെ ചിരിപ്പിക്കാൻ കഴിയും, പക്ഷേ ഇത് വളരെ അനുചിതമായ ഒരു സമയമാണ് . അതുകൊണ്ട് എൻ്റെ ടീം എല്ലായ്‌പ്പോഴും എന്നോട് പറയാറുണ്ട്, നിങ്ങളുടെ നർമ്മം ആൾക്കാർ നല്ല രീതിയിൽ എടുക്കണമെന്നില്ല എന്ന്.
ഇന്ന് എല്ലാം പൊളിറ്റിക്കൽ കറക്ട്നെസ്സ് അല്ലെ? എന്നാൽ ഇപ്പോൾ ആളുകൾ വളരെ സെൻസിറ്റീവ് ആയി മാറിയിരിക്കുന്നു. ഞാൻ എന്ത് കോമഡി പറഞ്ഞാലും അത് ആരെയെങ്കിലും ഒക്കെ വേദനിപ്പിക്കും. അത് കൊണ്ട് തന്നെ ഇന്നത്തെ കാലത്ത് നർമ്മബോധം ഉണ്ടായിരിക്കുക അപകടകരമാണ്. അതില്ലാതിരിക്കുന്നതാണ് നല്ലത് ഷാരൂഖ് ഖാൻ പറഞ്ഞു.
Discussion about this post