മുംബൈ: ഇന്ത്യൻ സിനിമാ രംഗത്തെ അതികായരിൽ ഒരാളാണ് തമിഴ് സൂപ്പർ താരം രജനികാന്ത്. ബോളിവുഡിലേത് ഉൾപ്പെടെ നിരവധി മുൻനിര താരങ്ങൾ അദ്ദേഹത്തിന്റെ ആരാധകരാണ്. ഭാഷാഭേദമന്യേ എല്ലാ സിനിമാ ആരാധകരുടെ മനസിലും രജനികാന്തിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്.
എല്ലാ സിനിമാ ആരാധകർക്കും രജനികാന്ത് തമിഴ് ചിത്രങ്ങളിലൂടെ മാത്രമാണ് സുപരിചിതൻ. എന്നാൽ ഹിന്ദി ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിലവിലെ ബോളിവുഡ് സൂപ്പർ താരം ഋത്വിക് റോഷൻ ബാലതാരമായി വേഷമിട്ട ഭഗവാൻ ദാദയിൽ രജനികാന്തും വേഷമിട്ടിട്ടുണ്ട്. 1986 ൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. ഈ ചിത്രത്തിൽ രജനി കാന്തിനെപ്പമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ഋത്വിക് റോഷൻ. പ്രമുഖ ഹിന്ദി മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.
രജനി സാറിനെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ലെന്ന് ഋത്വിക് റോഷൻ പറഞ്ഞു. ഭഗവാൻ ദാദയിൽ അഭിനയിക്കുമ്പോൾ താൻ വളരെ ചെറുതായിരുന്നു. എന്നാൽ തന്നോട് ഒരു സുഹൃത്തിനെ പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അതുകൊണ്ട് തന്നെ തന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളുമെല്ലാം അദ്ദേഹത്തോട് പറയാറുണ്ട്. എന്റെ മുത്തച്ഛൻ ഓം പ്രകാശ് ആണ് ആ സിനിമയുടെ സംവിധായകൻ. കുട്ടിയായതുകൊണ്ട് ഡയലോഗിൽ താൻ എപ്പോഴും തെറ്റ് വരുത്തുമായിരുന്നു. ഇതേ തുടർന്ന് ഒരേ ഷോട്ട് തന്നെ വീണ്ടും വീണ്ടും എടുക്കേണ്ട ആവശ്യം വന്നു. എന്നാൽ ഞാൻ ഡയലോഗ് തെറ്റിയ്ക്കുമ്പോഴെല്ലാം രജനിസാർ അയ്യോ തെറ്റ് പറ്റിയത് തനിക്കാണെന്ന് പറഞ്ഞ് മറ്റുള്ളവരോട് മാപ്പ് പറയുമായിരുന്നു.
ശേഷം അദ്ദേഹം തന്നെ ആശ്വസിപ്പിക്കും. എന്റെ കംഫർട്ടിനായിരുന്നു രജനി സാർ പ്രാധാന്യം നൽകിയിരുന്നത്. എപ്പോഴും താൻ ഇക്കാര്യം ഓർക്കും. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ് എന്നും ഋത്വിക് റോഷൻ വ്യക്തമാക്കുന്നു.
Discussion about this post