വാഷിങ്ടൺ : കത്തോലിക്കാ സഭയിലെ വൈദികരുടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാൻ ഒരുങ്ങി കത്തോലിക്കാ സഭയുടെ ലോസ് ഏഞ്ചൽസ് അതിരൂപത. 7398 കോടിയിലേറെ ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 880 മില്യൺ ഡോളർ ആണ് ഇരകൾക്ക് നഷ്ടപരിഹാരമായി നൽകുന്നത്. കത്തോലിക്കാ സഭ ഇതുവരെ നൽകുന്ന ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ഇത്.
1940 മുതലുള്ള കേസുകളിൽ ആണ് ഈ വലിയ തുക അതിരൂപത പിഴയായി ഒടുക്കേണ്ടി വരുന്നത്. 2019-ൽ കാലിഫോർണിയയിലെ അസംബ്ലി ബിൽ-218 പാസാക്കിയതിന്റെ പരിണിതഫലമായാണ് ലോസ് ഏഞ്ചൽസ് അതിരൂപത ഈ വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരുന്നത്.
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട പഴയ ലൈംഗികാതിക്രമ കേസുകളുടെ സിവിൽ ക്ലെയിമുകൾ വീണ്ടും തുറക്കാൻ അനുവദിക്കുന്ന ബില്ലായിരുന്നു അസംബ്ലി പാസാക്കിയത്. ഇതോടെ 1940-കൾ മുതലുള്ള 1,353 ബാലലൈംഗിക പീഡനകേസുകളിൽ കത്തോലിക്കാ സഭ നഷ്ടപരിഹാരം നൽകേണ്ടതായി വരികയായിരുന്നു.
എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഈ സംഭവങ്ങളിൽ ഓരോന്നിനും ഞാൻ ഖേദിക്കുന്നു എന്നാണ് നഷ്ടപരിഹാരത്തുക നൽകുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ ലോസ് ഏഞ്ചൽസ് ആർച്ച് ബിഷപ്പ് ജോസ് എച്ച്. ഗോമസ് എഴുതിയത്. ഈ ഒത്തുതീർപ്പ് ഒരു പരിധിവരെ ഇരകൾക്ക് ശാന്തി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സഭയുടെ കരുതൽ നിക്ഷേപങ്ങൾ , വായ്പകൾ, മറ്റ് അതിരൂപത ആസ്തികൾ എന്നിവയിൽ നിന്ന് സമാഹരിച്ച് ആയിരിക്കും ലൈംഗികാതിക്രമത്തിന് ഇരയായവർക്കുള്ള ധനസഹായം നൽകുക എന്നും ആർച്ച് ബിഷപ്പ് ജോസ് എച്ച്. ഗോമസ് അറിയിച്ചു.
Discussion about this post