പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് പറഞ്ഞ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. പാലക്കാടിന്റെ രാഷ്ട്രീയ ചരിത്രം അറിയില്ലെങ്കിൽ അത് പഠിച്ചിട്ട് വേണം ബിജെപിയോട് ഏറ്റുമുട്ടാൻ എന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. ബിജെപി ബാന്ധവം പരസ്പരം ആരോപിക്കുകയും പുരപ്പുറത്തു കയറി നിന്ന് മതേതരത്വ ഗീർവാണ പ്രസംഗം നടത്തുകയും ചെയ്യുന്ന യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ചോക്ലേറ്റ് സ്ഥാനാർത്ഥികൾ പാലക്കാടിന്റെ രാഷ്ട്രീയ ചരിത്രം എന്താണെന്ന് പഠിക്കണം എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ആണ് അഭിപ്രായപ്പെട്ടത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു .
ചില പോരാട്ട ചരിത്രങ്ങൾ പറയാം .
1971 ലോക്സഭാ തിരഞ്ഞെടുപ്പ്. പാലക്കാട് കോൺഗ്രസിന് സ്ഥാനാർത്ഥിയില്ല. പിന്തുണച്ചത് ജനസംഘക്കാരനായ ടി സി ഗോവിന്ദനെ.
1980 കാസർകോട് ലോക്സഭാ ഇലക്ഷൻ . യുഡിഎഫിന് സ്ഥാനാർഥി ഇല്ല. വോട്ട് ചെയ്തത് പാലക്കാട്കാരനായ ജനസംഘം നേതാവ് ഓ രാജഗോപാലിന്. രാജഗോപാലിന്റെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ചെർക്കളം അബ്ദുള്ള. പെരിങ്ങളത്ത് കെ ജി മാരാരുടെ തെരഞ്ഞെടുപ്പിന് പ്രചരണത്തിന് നേതൃത്വം നൽകിയത് ഇന്നത്തെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ.
1968 മുതൽ 1979 വരെ പാലക്കാട് മുനിസിപ്പാലിറ്റി ഭരിച്ചത് ജനസംഘം. ലക്ഷ്മി നാരായണ അയ്യർ ചെയർമാൻ. മൂത്താൻതറയിലെ ആർഎസ്എസുകാരനായ ബാലകൃഷ്ണൻ വൈസ് ചെയർമാൻ. 11 വർഷക്കാലം പിന്തുണച്ചത് ലീഗ്. ലീഗ് ജില്ലാ പ്രസിഡന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ഇതൊക്കെ പറയുമ്പോൾ സഖാക്കൾക്ക് തോന്നും കോൺഗ്രസ് മാത്രമേ ഉള്ളൂവെന്ന് .
അങ്ങനെയല്ല കേട്ടോ .
1977 പാലക്കാട് ലോക്സഭ തെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാർഥി ശിവദാസമേനോൻ. ഗൗഡർ തീയറ്ററിൽ ആ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് ജനസംഘം അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന ലാൽ കൃഷ്ണ അഡ്വാനി.
ഇനി അത് അടിയന്തരാവസ്ഥക്കാലത്ത് മാത്രം ഉണ്ടായ പ്രത്യേക സാഹചര്യമാണ് എന്നാണ് വാദമെങ്കിൽ
1967 ൽ ബീഹാറിൽ സംയുക്ത വിധാൻ ദൾ മന്ത്രിസഭ അധികാരത്തിൽ വന്നു. കർപ്പൂരി താക്കൂർ ഉപമുഖ്യമന്ത്രി. ക്യാബിനറ്റിൽ കമ്മ്യൂണിസ്റ്റുകാരും ജനസംഘക്കാരും ഒരുമിച്ചിരുന്നു. അതേ വർഷം ബംഗാളിൽ രൂപീകരിച്ച കോൺഗ്രസ് ഇതര സർക്കാർ , കമ്മ്യൂണിസ്റ്റുകാർ ജനസംഘത്തിന്റെ ഏക എംഎൽഎയുടെ പിന്തുണ തേടി അധികാരത്തിലെത്തി. 1989ൽ വി പി സിംഗ് സർക്കാർ ഇടതുപക്ഷവും ബിജെപിയും ഒരു ടേബിളിൽ ഇരുവശത്ത് ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് പിന്തുണച്ചു.
1991 മുതൽ 1995 വരെ പാലക്കാട് ബിജെപി പിന്തുണ ചോദിച്ചു വാങ്ങി സിപിഎം നഗരസഭ ഭരിച്ചു. ചെയർമാൻ എം എസ് ഗോപാലകൃഷ്ണൻ. അന്ന് സിപിഎം ഏരിയ സെക്രട്ടറി സഖാവ് എൻ എൻ കൃഷ്ണദാസ്. 1992 ൽ അയോധ്യ സംഭവത്തെ തുടർന്ന് കോൺഗ്രസ് പ്രതിഷേധവുമായി നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ അതെല്ലാം ലോക്സഭയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് എന്ന് പറഞ്ഞ് സിപിഎം ചെയർമാൻ അനുവദിച്ചില്ല.
രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നു. Political untouchability is a sin .
ബിജെപി ബാന്ധവം പരസ്പരം ആരോപിക്കുകയും പുരപ്പുറത്തു കയറി നിന്ന് മതേതരത്വ ഗീർവാണ പ്രസംഗം നടത്തുകയും ചെയ്യുന്ന യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ചോക്ലേറ്റ് സ്ഥാനാർത്ഥികൾക്ക് രാഷ്ട്രീയ ചരിത്രം അറിയില്ലെങ്കിൽ അറിയാവുന്നവരോട് പഠിച്ചിട്ട് വേണം ബിജെപിയോട് ഏറ്റുമുട്ടാൻ വരാൻ. തൽക്കാലം ഇത്രമാത്രം.
Discussion about this post