ന്യൂഡൽഹി : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ ഭീകരവിരുദ്ധ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംഘടനയുടെ കൈവശമുണ്ടായിരുന്ന 56 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ
വിവിധ ട്രസ്റ്റുകളുടെയും കമ്പനികളുടെയും വ്യക്തികളുടെയും പേരിലുള്ള 56 കോടി രൂപ വിലമതിക്കുന്ന 35 സ്ഥാവര സ്വത്തുക്കൾ ആണ് ഇഡി പിടിച്ചെടുത്തിരിക്കുന്നത്.
പിഎംഎൽഎ മണി ലോണ്ടറിങ് നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇഡി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം പിഎഫ്ഐയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതായ 35.43 കോടി രൂപ വിലമതിക്കുന്ന 19 സ്ഥാവര സ്വത്തുക്കളും 21.13 കോടി രൂപ വിലമതിക്കുന്ന 16 സ്ഥാവര സ്വത്തുക്കളും ചേർത്ത് ആകെ 56.56 കോടി രൂപ വിലമതിക്കുന്ന 35 സ്ഥാവര സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയിരിക്കുന്നത്.
എൻഐഎയും മറ്റ് ലോ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളും രജിസ്റ്റർ ചെയ്ത വിവിധ എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് 2002-ലെ പിഎംഎൽഎ പ്രകാരം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ, അംഗങ്ങൾ, കേഡർമാർ എന്നിവർക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) വിവിധ സംസ്ഥാന പോലീസ് സേനകളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി റെയ്ഡുകൾ നടത്തിയതിന് ശേഷം 2022 സെപ്തംബറിലാണ് കേന്ദ്രം ഭീകരസംഘടനയെ നിരോധിച്ചത്.
Discussion about this post