ന്യൂഡൽഹി: ഇന്ത്യയിൽ വിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. ദുബായിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി എത്തിയത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. 189 യാത്രക്കക്കാരായിരുന്നു വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്.
എയർ ഇന്ത്യയുടെ ഐഎക്‌സ്- 196 വിമാനമാണ് ഭീഷണി നേരിട്ടത്. പുലർച്ചെ 1.20ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. തുടർന്നുള്ള സുരക്ഷാസേനയുടെ സമഗ്രമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെ തന്നെ വിസ്താര ഫ്ളൈറ്റ് യുകെ 17 വിമാനത്തിന് നേരെയും ഭീഷണി വന്നിരുന്നു. വിമാനം പുറപ്പെട്ട് അൽപ്പനേരങ്ങൾക്ക് ശേഷം ആയിരുന്നു ഭീഷണി ഉയർന്നത്. ഇതേ തുടർന്ന് വിമാനം അടിയന്തരമായി ഫ്രാങ്ക്ഫട്ടിൽ ഇറക്കുകയായിരുന്നു. അർദ്ധരാത്രി 12.40 ഓടെയാണ് വിമാനം ഫ്രാങ്ക്ഫട്ടിൽ എത്തിയത്. ഇവിടെ വച്ച് വിമാനത്തിൽ വിശദമായ സുരക്ഷാ പരിശോധന നടത്തുകയും സുരക്ഷ ഉറപ്പുവരുത്തിയതിന് പിന്നാലെ വിമാനം ലണ്ടനിലേക്ക് യാത്ര തുടരുകയും ചെയ്തു. വെളളിയാഴ്ച ആകാശ് എയർ വിമാനത്തിന് നേരെയും ബോംബ് ഭീഷണി ഉയർന്നിരുന്നു. ബംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയായിരുന്നു ഭീഷണി ഉയർന്നത്.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് നേരെ വന്ന 17-ാമത്തെ ബോംബ് ഭീഷണിയാണ് ഇത്. തുടരെ തുടരെയുള്ള ബോംബ് ഭീഷണികളിൽ ഇന്ത്യൻ വ്യോമയാന അധികൃതർ അതീവ ജാഗ്രതയിലാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post