യഹിയ സിന്‍വാറിന്റെ മൃതദേഹത്തിനൊപ്പം ഏതാനും മിനിറ്റുകള്‍ ഒറ്റയ്ക്ക് ചിലവഴിച്ചതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഇസ്രയേല്‍ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണലായ ഇറ്റാമര്‍ ഈറ്റം. ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സിന്‍വാര്‍ തങ്ങള്‍ക്ക് ഉണ്ടാക്കിയ ‘വേദന’ ഈറ്റം വിവരിച്ചിട്ടുണ്ട്. സിന്‍വാറില്ലാത്ത ലോകമാണ് മികച്ച സ്ഥലമെന്ന് പറയുന്ന ഈറ്റം തകര്‍ന്ന നഗരമായ റഫയെ ഓര്‍ത്ത് ദു:ഖവും തോന്നുന്നുവെന്നും കുറിച്ചു.
‘ഞാന്‍ ഇപ്പോള്‍ റഫ വിട്ടു. അധികം മുമ്പല്ലാതെ ഞാന്‍ അവന്റെ കണ്ണുകളില്‍ നോക്കി. ഞാന്‍ അവനോടൊപ്പം കുറച്ച് മിനിറ്റ് തനിച്ചായിരുന്നു, ഞാന്‍ അവനെ നോക്കി-ഒരു ചെറിയ, വൃത്തികെട്ട, തകര്‍ന്ന ഒരു രൂപം, തകര്‍ന്ന ഒരു സോഫയില്‍ കിടക്കുന്നു’
‘ഞങ്ങള്‍ക്ക് വലിയ വേദനയാണ് ഈ മനുഷ്യന്‍ ഉണ്ടാക്കിയത്. ഞാന്‍ തകര്‍ന്ന നഗരത്തിലേയ്ക്ക് നോക്കി, എനിക്ക് അവരോട് പോലും വേദന തോന്നി. എന്നാല്‍ എന്തിനേക്കാളും, അപമാനബോധവും തോന്നി. ദൈവത്തിന്റെ പേരില്‍ പോലും അപമാനം തോന്നി. കാരണം, അവനും (സിന്‍വാര്‍) ഒരിക്കല്‍ ഒരു കുട്ടിയായിരുന്നു. പക്ഷേ അവന് ഒരു തിരഞ്ഞെടുപ്പിനുള്ള അവകാശമുണ്ടായിരുന്നു. അവന്‍ തിന്മ യും ദുഷ്ടതയും തിരഞ്ഞെടുത്തു. അവനും നിങ്ങളുടെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട ഒരു വ്യക്തിയാണെന്നത് എന്തൊരു അപമാനമാണ്. എന്നാല്‍ ഇപ്പോള്‍ ഈ ലോകം എത്ര മെച്ചപ്പെട്ടതാണ്. ഞങ്ങള്‍ ആശയക്കുഴപ്പത്തിലാകില്ല, ഞങ്ങള്‍ ഉപേക്ഷിക്കുകയുമില്ല. ഒരുമിച്ച് നമ്മള്‍ വിജയിക്കും. ഹാപ്പി ഹോളിഡേ’ എന്നായിരുന്നു ലെഫ്റ്റനന്റ് കേണലായ ഇറ്റാമര്‍ ഈറ്റം കുറിച്ചത്.
രഹസ്യാന്വേഷണ ഏജന്‍സികളുടെ നീണ്ട തിരച്ചിലിനൊടുവിലാണ് ഇസ്രയേല്‍ സൈന്യം സിന്‍വാറിനെ സ്‌പോട്ട് ചെയ്തത്. ഇതിന് പിന്നാലെ ഇസ്രായേല്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സിന്‍വാര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഡെന്റല്‍ രേഖകള്‍, വിരലടയാളം, ഡിഎന്‍എ പരിശോധന എന്നിവയിലൂടെയാണ് കൊല്ലപ്പെട്ടത് സിന്‍വാറാണെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചത്. സിന്‍വാറിന്റെ അവസാന നിമിഷങ്ങളിലെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്ത് വിട്ടിരുന്നു. അടുത്തുവരുന്ന ഡ്രോണിന് നേരെ വടി എറിയാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
Discussion about this post