മുംബൈ : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് ചന്ദ്ര പവാർ വിഭാഗം തലവനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആയിരുന്ന ശരദ് പവാറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. ശരദ് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന സമയത്ത് ദുബായിൽ പോയി ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി എന്നാണ് ആരോപണമുയർന്നിട്ടുള്ളത്. വഞ്ചിത് ബഹുജൻ ആഘാഡി (വിബിഎ) തലവൻ പ്രകാശ് അംബേദ്കർ ആണ് ശരദ് പവാറിനെതിരെ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദാവൂദ് ഇബ്രാഹിമിനെ ദുബായിൽ പോയി കാണാൻ ശരദ് പവാറിനെ കേന്ദ്ര സർക്കാർ അനുവദിച്ചോ എന്നറിയാൻ അക്കാലത്തെ കേന്ദ്രസർക്കാരിന്റെ രേഖകൾ പുറത്തുവിടണമെന്നും പ്രകാശ് അംബേദ്കർ സൂചിപ്പിച്ചു. 1988 മുതൽ 1991 വരെയുള്ള കാലയളവിൽ ആയിരുന്നു ശരദ് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്. ആ കാലയളവിൽ അദ്ദേഹം നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷണം വേണമെന്നും പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടു.
ദാവൂദ് ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിനു മുൻപായി ശരദ് പവാർ ആദ്യം ലണ്ടനിലേക്ക് ആണ് പോയത്. പിന്നീട് രണ്ട് ദിവസം കാലിഫോർണിയയിൽ നടന്ന ഒരു മീറ്റിങ്ങിലും അദ്ദേഹം പങ്കെടുത്തു. കാലിഫോർണിയിൽ നിന്നും അദ്ദേഹം തിരികെ ലണ്ടനിൽ എത്തുകയും തുടർന്ന് ലണ്ടനിൽ നിന്നും ദുബായിലേക്ക് വരികയും ആയിരുന്നു. തുടർന്നാണ് ദുബായിൽ വെച്ച് ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയത് എന്നും പ്രകാശ് അംബേദ്കർ വ്യക്തമാക്കി. ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്റെ പേരിൽ എൻസിപി നേതാവ് ബാബ സിദ്ദിഖിയെ ലോറൻസ് ബിഷ്ണോയി സംഘം കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രകാശ് അംബേദ്കറിന്റെ ഈ വെളിപ്പെടുത്തൽ.
Discussion about this post