ന്യൂയോർക്ക്: ഉദ്യോഗാർത്ഥികൾക്ക് ജോലി വാഗ്ദാനം ചെയ്ത് വീണ്ടും ഇലോൺ മസ്‌ക്. മസ്‌കിന്റെ എഐ സ്റ്റാർട്ട് അപ്പ് ആയ എക്‌സ് എഐയിലേക്കാണ് ആളെ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമിതരാകുന്നവർക്ക് ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മസ്‌ക് വാഗ്ദാനം ചെയ്യുന്നു.
മണിക്കൂറിൽ 5000 രൂപവരെയാണ് മസ്‌കിന്റെ സ്ഥാപനത്തിലെ ജോലിക്കാർക്ക് ലഭിക്കുക. ഇതിന് പുറമേ മെഡിക്കൽ, ഡെന്റൽ, വിഷൻ ഇൻഷ്വറൻസ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. ഡാറ്റയും ഫീഡ്ബാക്കും നൽകി എഐയെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുകയാണ് ഇവരുടെ ജോലി.
ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് നന്നായി എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കാരണം ഇംഗ്ലീഷ് ഭാഷയിലാണ് ഇവർ എഐയോട് സംവദിക്കേണ്ടത്. ഭാഷ മനസിലാക്കാൻ ഇത് സഹായിക്കും. ഭാഷയും അക്ഷരങ്ങളും എഐയ്ക്ക് മനസിലാക്കി കൊടുക്കാനുള്ള ടാസ്‌കുകളും ട്യൂട്ടർമാർ കണ്ടെത്തണം. മറ്റ് സാങ്കേതിക പരിജ്ഞാനം വേണ്ടെന്നതാണ് ഈ ജോലിയുടെ പ്രധാന പ്രത്യേകത.
ലിങ്ക്ഡ് ഇൻ വഴിയായിരിക്കും ജോലിയിലേക്കുള്ള നിയമനം. നിയമിതരാകുന്നവർക്ക് രണ്ട് ആഴ്ചത്തെ പരിശീലനം ഉണ്ടാകും. പരിശീലനം പൂർത്തിയാക്കിയാൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം. രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെയാണ് ജോലി സമയം.
Discussion about this post