മീററ്റിലെ സർദാർ വല്ലഭായ് പട്ടേൽ കാർഷിക സർവകലാശാലയിൽ നടന്ന കർഷക മേളയിൽ എല്ലാവരുടെയും ശ്രദ്ധ കവർന്ന ഒരു ഹീറോ ഉണ്ട്. നല്ല കാരിരുമ്പിന്റെ നിറവും കരിങ്കല്ലിന്റെ കരുത്തും എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു കിടിലൻ പോത്ത്. പേര് അൻമോൾ. ആളത്ര ചെറിയ പുള്ളി ഒന്നുമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും ലക്ഷ്വറി പോത്തുകളിൽ ഒന്നാണിത്. 23 കോടി രൂപയാണ് അൻമോളിന്റെ വില. എന്നാൽ ആ തുക കൊടുക്കാം എന്ന് പറഞ്ഞാൽ പോലും അവനെ വിൽക്കാൻ ഉടമയ്ക്ക് താല്പര്യമില്ല. അതിനൊരു വലിയ കാരണവുമുണ്ട്.
ഹരിയാനയിലെ സിർസ സ്വദേശിയായ പൽവീന്ദർ സിങ്ങിൻ്റെ സ്വന്തം പോത്താണ് അൻമോൾ. മുറ ഇനത്തിൽപ്പെട്ട ഏറ്റവും മികച്ചയിനം പോത്തായ അൻമോളിന് ഇപ്പോൾ എട്ടു വയസ്സാണ് പ്രായം. മാസംതോറും 5 ലക്ഷത്തിലധികം രൂപയുടെ വരുമാനമാണ് അൻമോൾ പൽവീന്ദർ സിംഗിന് ഉണ്ടാക്കി കൊടുക്കുന്നത്. തന്റെ ശുദ്ധമായ ബീജം ആണ് അൻമോളിന്റെ വരുമാനമാർഗ്ഗം. ഏറ്റവും മികച്ചയിനങ്ങളിൽ ഒന്നായതിനാൽ ഏറെ ഗുണനിലവാരമുള്ള ബീജമാണ് എന്നുള്ളതാണ് ഈ പോത്തിന്റെ പ്രധാന സവിശേഷത. ഇക്കാരണത്താൽ തന്നെയാണ് എത്ര കോടി തന്നാലും ഈ പോത്തിനെ കൊടുക്കില്ല എന്ന് ഉടമ പറയുന്നത്.
നല്ല വരുമാനം ഉണ്ടാക്കിത്തരുന്ന പോത്ത് ആയതിനാൽ തന്നെ രാജകീയ പരിചരണം ആണ് ഉടമ അൻമോളിന് നൽകുന്നത്. ഒരു ദിവസത്തെ ഭക്ഷണത്തിനു മാത്രം 1500 രൂപയിലേറെ ചിലവ് വരും. കശുവണ്ടി, ബദാം, ചെറുപയർ, വാഴപ്പഴം, മാതളനാരങ്ങ എന്നിങ്ങനെ വൈവിധ്യമാർന്നതാണ് ഭക്ഷണം.
നല്ല ശാപ്പാടടിക്കുന്നതിനാൽ തന്നെ നല്ല ശരീരവളർച്ചയും ആരോഗ്യവും ചുറുചുറുക്കും ഈ പോത്തിന് ഉണ്ട്. 5.8 അടി നീളവും 1570 കിലോഗ്രാം ഭാരവുമാണ് അൻമോൾക്ക് ഉള്ളത്. ഈ ഗാംഭീര്യമുള്ള ശരീരം തന്നെയാണ് മീററ്റിലെ മേളയ്ക്ക് എത്തിയ എല്ലാവരുടെയും ശ്രദ്ധ അൻമോളിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായത്.
Discussion about this post