തൃശൂർ: ജെ സി ബി വിട്ടുകൊടുക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ തൃശൂർ വില്ലജ് ഓഫീസറും അസ്സിസ്റ്റന്റും വിജിലൻസ് പിടിയിൽ. ഒല്ലൂക്കര വില്ലേജ് സ്‌പെഷ്യൽ വില്ലേജ് ഓഫീസർ തൃശൂർ പടിയം പടിയത്ത് വീട്ടിൽ പി.എ.പ്രസാദ് (45), വില്ലേജ് അസിസ്റ്റന്റ് പുറനാട്ടുകര മരതംറോഡ് പൊങ്ങംകാട്ടിൽ ആശിഷ് (34) എന്നിവരെയാണ് കൈക്കൂലി ശ്രമത്തിനിടെ വിജിലസ് അറസ്റ്റ് ചെയ്തത്.
ഒല്ലൂർ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നിരപ്പാക്കുമ്പോൾ നിലം നികത്തുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ മണ്ണുത്തി പൊലീസ് ജെ.സി.ബി പിടിച്ചെടുത്തിരുന്നു. ഇത് വിട്ടു കിട്ടാൻ വേണ്ടിയാണ് വില്ലേജ് ഓഫീസറും, സ്‌പെഷ്യൽ വില്ലേജ് ഓഫീസറായ പ്രസാദും വൻതുക ആവശ്യപ്പെട്ടത്. സ്ഥലത്തിന്റെ പേരിൽ ചെറിയ സാങ്കേതികത്വം ഉണ്ടെന്നും ജെ.സി.ബിയുടെ വിലയുടെ മൂന്നിരട്ടി തുകയായ 55 ലക്ഷം കോടതിയിൽ കെട്ടിവയ്‌ക്കേണ്ടിവരുമെന്നും ഇവർ ജെ സി ബി ഉടമയോട് പറഞ്ഞു. അതല്ലെങ്കിൽ 55 ലക്ഷം രൂപയുടെ 10 ശതമാനമായ 5.5 ലക്ഷം രൂപ ഞങ്ങൾക്ക് തരുകയാണെങ്കിൽ കാര്യം നടക്കുമെന്നും ഇവർ വ്യക്തമാക്കി.
അത്രയും തുക കൈവശം ഇല്ലെന്ന് പറഞ്ഞ പരാതിക്കാരനോട്, ഏറ്റവും ചുരുങ്ങിയത് 2 ലക്ഷം രൂപയെങ്കിലും നൽകിയില്ലെങ്കിൽ ജെ സി ബി വിട്ടു തരില്ലെന്നും ഇതിൽ 50000 രൂപ മുൻകൂറായി വേണമെന്നും പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഉടമ വിജിലൻസിന് പരാതി കൊടുക്കുകയായിരുന്നു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം ആദ്യ ഗഡുവായ 50,000 രൂപ ഒല്ലൂക്കര വില്ലേജ് ഓഫീസിൽ വച്ച് കൊടുത്തു. പണം വാങ്ങിയ ഉടനെ ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തു. പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.









Discussion about this post