കഴിവുറ്റ നടിയായിട്ടും സരിതയ്ക്ക് ഇതുവരെ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ലെന്നത് വലിയ വേദനാജനകമായ കാര്യമാണെന്ന് ജയറാം. ജൂലി ഗണപതി എന്ന സിനിമയിലെ ഓരോ സീന്‍ എടുക്കുമ്പോഴും ഇതിന് ദേശീയ അവാര്‍ഡ് കിട്ടുമെന്ന് താന്‍ പറയാറുണ്ടായിരുന്നെന്നും എന്നാല്‍ ആ ചിത്രം അവാര്‍ഡിന് അയച്ചിട്ടില്ലെന്ന് പിന്നീടാണ് അറിയുന്നതെന്നും ജയറാം പറഞ്ഞു. ഒരു തമിഴ് ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു നടന്റെ തുറന്നുപറച്ചില്‍.
വേദിയില്‍ നില്‍ക്കവെ ജയറാമുമായി ബന്ധപ്പെട്ട സിനിമകളുടെയും താരങ്ങളുടെയും ചിത്രം കാണിക്കുന്നുണ്ട്. പിന്നാലെ അവരെക്കുറിച്ചുള്ള ഓര്‍മകള്‍ ജയറാം പങ്കുവയ്ക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ നടി സരിതയുടെയും ചിത്രം കാണിച്ചപ്പോഴാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്.
‘എനിക്ക് എപ്പോഴും സങ്കടം തോന്നുന്ന കാര്യമുണ്ട്. സരിത മാമിന്റെ ടാലന്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാല്‍ ഇതുവരെ അവര്‍ക്ക് ഒരു ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ലെന്ന് ഓര്‍ക്കുമ്പോള്‍ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ അതു കിട്ടിയില്ല. പിന്നീട് ആ സിനിമ അവാര്‍ഡിന് അയച്ചിട്ടു പോലുമില്ലെന്ന് അറിഞ്ഞു. ഈ സിനിമ കാണുമ്പോഴേ എനിക്ക് സങ്കടം വരും’. അദ്ദേഹം വ്യക്തമാക്കി.
Discussion about this post